Skip to main content

ദുരന്തനിവാരണം: ജീവനക്കാരുടെ സേവനം ഉറപ്പാക്കണം

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകേണ്ടതും അവരുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ആവശ്യമായ ജീവനക്കാരുടെയും തൊഴിലാളികളുടെയും ഹാജര്‍ ഉറപ്പുവരുത്തേണ്ടതും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം അവരുടെ സേവനം അതത് ഇടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. സെപ്റ്റംബര്‍ അഞ്ചു മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഉത്തരവിന് പ്രാബല്യം.

 

ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 33, 34 (എച്ച്) പ്രകാരമാണ് ഉത്തരവ്.  ഗര്‍ഭിണികള്‍, അംഗ പരിമിതര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ തഹസീല്‍ദാര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ഏതെങ്കിലും കാരണത്താല്‍ ചുമതലയില്‍ നിന്നും വിട്ടുപോകേണ്ട സാഹചര്യം ഉണ്ടാകുന്നപക്ഷം മറ്റ് ഉദ്യോഗസ്ഥരെ രേഖാമൂലം ചുമതലയേല്‍പ്പിച്ചിട്ടു മാത്രമേ വിട്ടുനില്‍ക്കാന്‍ പാടുള്ളു. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ 2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും.

date