ആദിപമ്പ-വരട്ടാര്‍ ജലോത്സവം നാളെ
ആദിപമ്പ-വരട്ടാര്‍ ജലോത്സവം പൂരാടം നാളായ ഇന്ന് (സെപ്റ്റംബര്‍ ആറ്) കിഴക്കനോതറ പുതുക്കുളങ്ങരയില്‍ നടക്കും. ഉച്ചയ്ക്ക് 1.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ജലോത്സവം ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി ജലഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 3.30 ന് മത്സരം ആരംഭിക്കും. സമാപന സമ്മേളനത്തില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള അധ്യക്ഷത വഹിക്കും. ജേതാക്കള്‍ക്കുള്ള സമ്മാന ദാനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ബാച്ചിലെ വിജയികള്‍ക്കുള്ള സമ്മാന ദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും.
പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിര്‍വഹിക്കും. വഞ്ചിപ്പാട്ട് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന് നിര്‍വഹിക്കും. ആദി പമ്പയില്‍ ചേന്നാത്ത് കടവ് മുതല്‍ പുതുക്കുളങ്ങ പടനിലം വരെയാണ് ജലോത്സവം നടക്കുന്നത്.
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായി വരട്ടാര്‍ നദി വീണ്ടെടുപ്പിനായി നടത്തിയ ശ്രമങ്ങളുടെ സ്മരണയ്ക്കായാണ് ആദി പമ്പ-വരട്ടാര്‍ ജലോത്സവം 2017 ല്‍ ആരംഭിച്ചത്. പ്രളയത്തെ തുടര്‍ന്ന് 2018ലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നടക്കാതിരുന്ന ജലോത്സവം ഇത്തവണ കൂടുതല്‍ ആവേശത്തോടെ ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്താണ് ജലോത്സവത്തിന്റെ സംഘാടകര്‍.
ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരന് പിള്ള ചെയര്‍മാനും ചന്ദ്രന് പിള്ള ഓതറ ജനറല്‍ കണ്‍വീനറും പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ജിന്സണ് വര്‍ഗീസ്, കോ-ഓര്‍ഡിനേറ്റര്‍ രാഹുര്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.
- Log in to post comments