Skip to main content
ജില്ലാതല അധ്യാപക ദിനാഘോഷം റീജിയണൽ തിയറ്ററിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു

ജീവിതത്തിൽ ഉയരാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കണം:  മന്ത്രി കെ.രാജൻ

 

മത്സര പരീക്ഷകളിൽ മാത്രമല്ല  ജീവിതത്തിലും എ പ്ലസ് നേടാൻ  വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ നയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ.  പാഠപുസ്തകങ്ങളിലെ അറിവിനേക്കാൾ ഉപരി ജീവിതത്തിൽ ഉയരാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസം കൊണ്ട് പ്രൊഫഷണലുകളെ സൃഷ്ടിക്കുക മാത്രമല്ല മറിച്ച് അടിസ്ഥാനപരമായി ലോകത്തിന്റെയും പ്രകൃതിയുടെയും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്ന വ്യക്തികളെ രൂപപ്പെടുത്തുക എന്നതാണ് പ്രധാനം. രാജ്യത്ത് ഒരു പുതിയ വിദ്യാഭ്യാസനയം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ ആഘോഷം നടക്കുന്നത്. ചരിത്രത്തെ അപഹസിക്കുന്ന ഇടപെടലുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അധ്യാപകർ ജാഗ്രതയോടെ ഇരിക്കണമെന്നും മന്ത്രി പറഞ്ഞു. 

കേരള സംഗീതനാടക അക്കാദമി ഹാളില്‍ നടന്ന ചടങ്ങിൽ മുതിർന്ന വിദ്യാഭ്യാസ പ്രവർത്തകൻ ചിത്രൻ നമ്പൂതിരിപ്പാട്, മുൻ വർഷത്തെ ദേശീയ അധ്യാപക അവാർഡ് നേടിയ എം ബി പ്രസാദ്, സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി രമേശൻ, എം വി വിജന, എം വി പ്രതീഷ്  എന്നിവരെ ആദരിച്ചു.

കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി ചെയർമാൻ ഡോ.സി പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.ഡി ശ്രീജ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി, ഹയർസെക്കന്ററി കോഡിനേറ്റർ വി എം കരീം, കൈറ്റ് ജില്ലാ കോഡിനേറ്റർ എം അഷറഫ്, വിദ്യാഭ്യാസ ഓഫീസർമാർ, അധ്യാപകസംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ സ്വാഗതവും തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വിജയകുമാരി നന്ദിയും പറഞ്ഞു.

date