Skip to main content
മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ മന്ത്രി വീണ ജോർജ് സംസാരിക്കുന്നു

മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാൽറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽ

 

തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാൽറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഡിസംബറിൽ ആരംഭിക്കാൻ തീരുമാനം. സൂപ്പർ സ്പെഷ്യാൽറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച്  ഡിസംബറിൽ  പ്രവർത്തനങ്ങൾ ആരംഭിക്കാൻ നിർമ്മാണ ഏജൻസി ആയ ഇൻകെൽ ലിമിറ്റഡിന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. 285.54 കോടി രൂപ ചെലവിലാണ്  സൂപ്പർ സ്പെഷ്യാൽറ്റി ബ്ലോക്ക് നിർമിക്കുന്നത്.

ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. 

ആശുപത്രിയിലെ പുതിയ വികസന പ്രവർത്തനങ്ങൾക്ക് തടസമായിട്ടുള്ള വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് മുൻപ് പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി.  ഇതോടെ ട്രോമ ആന്റ് ട്രയാജ് കെട്ടിടവും ഇ-ഹെൽത്ത് പദ്ധതിയും പ്രവർത്തനക്ഷമമാകും. ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ സേവനങ്ങൾ ഇ-ഹെൽത്ത് സംവിധാനത്തിലൂടെ  എല്ലാ രോഗികൾക്കും ലഭ്യമാക്കും.  രണ്ടാം ഘട്ടമായി ഇൻ പേഷ്യന്റ് സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഭരണാനുമതി ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ വികസനത്തിന് ആവശ്യമായ ഉപകരണങ്ങൾ  ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി  അറിയിച്ചു. 2 കോടി രൂപയാണ് ചെലവ് വരിക. 277.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന മദർ ആൻഡ് ചൈൽഡ് ഹെൽത്ത് ബ്ലോക്കുമായി  ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടന്ന് നിർമാണം പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കൂടാതെ, ഇൻഫെക്ഷ്യസ് ഡിസീസ് ബ്ലോക്ക് (5 കോടി), സെൻട്രൽ ലൈബ്രറി (5 കോടി) തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ പൊതുമരാമത്തു വകുപ്പിന് നിർദ്ദേശം നൽകി.

യോഗത്തിൽ  സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

date