ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ജില്ല: ആഘോഷം വര്‍ണാഭമാക്കുമെന്ന് മന്ത്രി കെ. രാജന്‍
ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 11 വരെ
11ന് ഉച്ചയ്ക്ക് ശേഷം പുലിക്കളി
കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം വന്നെത്തിയ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ജില്ല ഒരുങ്ങിയതായി റവന്യൂമന്ത്രി കെ രാജന്‍. ജില്ലാതല ഓണാഘോഷവുമായി ബന്ധപ്പെട്ട അവസാന ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഡിടിപിസി, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, തൃശൂര്‍ കോര്‍പറേഷന്‍ എന്നിവ സംയുക്തമായി സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് രാമനിലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന വിവിധ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികളുമായാണ് ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടകസമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ ആഘോഷത്തിന് പുറമെ വൈവിധ്യമാര്‍ന്ന പരിപാടികളുമായി പ്രാദേശികമായും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പ്രാദേശിക സംഘാടകസമിതികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനുപുറമേ വിവിധ ഇടങ്ങളില്‍ ജലോത്സവങ്ങളും നടക്കുമെന്ന് മന്ത്രി പറഞ്ഞു.
പരിപാടി വിജയിപ്പിക്കുന്നതിനായി നേരത്തേ വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിരുന്നു. ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറായുമാണ് സംഘാടക സമിതി രൂപീകരിച്ചത്. ജില്ലയിലെ എംഎല്‍എമാര്‍ ചെയര്‍മാന്‍മാരായി 10 സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും തൃശൂരിന്റെ സ്വന്തം പുലിക്കളിയും സംഘടിപ്പിക്കുന്നതിനോടൊപ്പം പ്രധാന വേദിയായ തേക്കിന്‍കാടും പരിസരപ്രദേശങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുകയും ചെയ്യും.
ജില്ലാ കേന്ദ്രത്തിലെ ഓണാഘോഷ പരിപാടികള്‍ക്കു പുറമെ, പീച്ചി, ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, സ്‌നേഹതീരം ബീച്ച് തുടങ്ങിയ ആറ് ടൂറിസം കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും കലാ - സാംസ്‌ക്കാരിക, വിനോദ, സംഗീത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, എംഎല്‍എമാരായ പി ബാലചന്ദ്രന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ് തുടങ്ങിയവരും ഉണ്ടായിരുന്നു.
- Log in to post comments