Skip to main content

ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് വയനാട് ജില്ല ആദ്യഘട്ടം പൂർത്തിയാക്കി

*സംസ്ഥാനത്താകെ 17 ലക്ഷം പേരെ വീട്ടിൽ പോയി സ്‌ക്രീൻ ചെയ്തു

*ജീവിതശൈലീ രോഗങ്ങൾക്കെതിരെ ജനകീയ കാമ്പയിൻ

 

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. അതിൽ വയനാട്ടിലെ നെന്മേനി, പൊഴുതന, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളാണ് ലക്ഷ്യം പൂർത്തിയാക്കിയത്. ഈ പഞ്ചായത്തുകളിലെ ചുള്ളിയോട് പിഎച്ച്സി, ചീരാൽ പിഎച്ച്സി, പൊഴുതന എഫ്എച്ച്സി, സുഗന്ധഗിരി പിഎച്ച്സി, വെള്ളമുണ്ട പിഎച്ച്സി, പൊരുന്നന്നൂർ സിഎച്ച്സി എന്നീ ആശുപത്രികൾ ഇതിൽ പങ്കാളികളായി. ഈ യജ്ഞം വിജയിപ്പിക്കാൻ പ്രയത്നിച്ച വയനാട് ഡിഎംഒ, ഡെപ്യൂട്ടി ഡിഎംഒ, ഡിപിഎം, ആർദ്രം, ഇ ഹെൽത്ത് കോ ഓർഡിനേറ്റർമാർ, ആശവർക്കർമാർ തുടങ്ങിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

വയനാട് ജില്ലയിൽ ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 55,703 പേരെയാണ് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി രോഗ സാധ്യത വിലയിരുത്തിയത്. ജില്ലയിൽ ഇല്ലാത്തവരൊഴികെ ഈ പഞ്ചായത്തുകളിലെ 97 ശതമാനത്തോളം പേരെ സ്‌ക്രീൻ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൽ 10,575 പേരാണ് ഏതെങ്കിലും റിസ്‌ക് ഫാക്ടറിൽ ഉള്ളവർ. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കുന്നു.

സംസ്ഥാന വ്യാപകമായി ഇതുവരെ 17 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തി. ആകെ 17,15,457 പേരെ സ്‌ക്രീനിംഗ് നടത്തിയതിൽ 19.18 ശതമാനം പേർ (3,29,028) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.96 ശതമാനം പേർക്ക് (1,87,925) രക്താതിമർദ്ദവും, 8.72 ശതമാനം പേർക്ക് (1,49,567) പ്രമേഹവും, 4.55 ശതമാനം പേർക്ക് (69,561) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പി.എന്‍.എക്സ്. 4185/2022

date