ആർപ്പോ -2022: മൂന്നാം ദിനം ഗ്രാമോത്സവം വസന്തോത്സവത്തോടെ മേള നാളെ (സെപ്റ്റംബർ ആറ്) സമാപിക്കും
ഓണാഘോഷത്തിന്റെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിൽ കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ സെപ്റ്റംബർ മൂന്നു മുതൽ നടന്നുവരുന്ന ടൂറിസം മേള ആർപ്പോ - 2022ൽ മൂന്നാം ദിനം ഗ്രമോത്സവം അരങ്ങേറി. നാട്ടുകാരായ പ്രതിഭകളുടെ കലാപ്രകടനത്തിനു അവസരമൊരുക്കിയ ഗ്രാമോത്സവം എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ സിനിമാതാരം കെ.എം മജീദ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.ആർ വിനോയ് കുമാർ, കേരള മാരിടൈം ബോർഡ് അംഗം അഡ്വ. സുനിൽ ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗാനമേളയും ഓണക്കളിയും നടന്നു.
നാളെ (സെപ്റ്റംബർ ആറ്) വൈകുന്നേരം നാലിന് കുഴുപ്പിള്ളി ബീച്ചിൽ സമാപന സാംസ്കാരിക സദസ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ഉദ്ഘാടനം ചെയ്യും. കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
തുടർന്ന് അരങ്ങേറുന്ന വസന്തോത്സവത്തിൽ അസം, പഞ്ചാബ്, ഗുജറാത്ത്, കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 85 കലാകാരന്മാർ ഭംഗ്ര, ബിഹു, സിദ്ധി ധമൽ, ചപ്പേല്ലി, രത്വ ഫോക്ക് തുടങ്ങി എട്ടിനം നൃത്തങ്ങൾ അവതരിപ്പിക്കും. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും ഒപ്പം ദേശീയോദ്ഗ്രഥനവും പ്രതിഫലിപ്പിക്കുന്നതാകും കലാവിരുന്ന്.
ജില്ലയിൽ വൈപ്പിനിൽ മാത്രമാണ് സംസ്ഥാന സർക്കാരിൻ്റെ സാംസ്കാരിക വിഭാഗമായ ഭാരത് ഭവൻ വസന്തോത്സവം സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സമാപന സാംസ്കാരിക സദസിൽ ആദരിക്കും.
- Log in to post comments