Skip to main content

മുഖ്യമന്ത്രിയുടെ ശ്രീനാരായണ ഗുരുജയന്തി ആശംസ

ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ  സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ശനിയാഴ്ച.

സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദർശനവും സമൂഹത്തിലാകെ അനുരണനം സൃഷ്ടിച്ചു. 

സവർണ്ണ മേൽക്കോയ്മായുക്തികളെ ചോദ്യം ചെയ്താണ് ഗുരു സാമൂഹ്യ പരിഷ്‌ക്കരണ പോരാട്ടങ്ങൾക്ക് തുടക്കമിട്ടത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയാണ് ഗുരുദർശനം.

ഗുരുവിന്റേതുൾപ്പെടെയുള്ള നവോത്ഥാന ചിന്തകൾ ഉഴുതുമറിച്ച കേരളത്തിൽ അതിന് തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരളത്തിന്റെ യശസ്സിന്റെയും ഉന്നതിയുടെയും അടിത്തറ ആ തുടർച്ചയിലാണ്. നമ്മുടെ പ്രയാണം ഇനിയും മുന്നേറേണ്ടതുണ്ട്.

ഗുരു വിഭാവനം ചെയ്ത  സമൂഹമായി മാറാൻ ഇനിയും  ബഹുദൂരം  പോകണം. ആ  വഴിയിൽ വർഗ്ഗീയതയും ജാതീയതയും വിദ്വേഷരാഷ്ട്രീയവും   വെല്ലുവിളികളായി നിലനിൽക്കുന്നു.

ഈ  വെല്ലുവിളികളെ മറികടന്ന്  മുന്നേറാൻ നമുക്ക് കഴിയണം. മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത താല്പര്യങ്ങളെ  അനുവദിച്ചുകൂടാ.  ഗുരു ചിന്തയും ഗുരുവിന്റെ  പോരാട്ട ചരിതവും  നമുക്ക് വറ്റാത്ത ഊർജ്ജമാണ്.  ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.

പി.എന്‍.എക്സ്. 4186/2022

 

date