Skip to main content

പെരുമാതുറ ബോട്ടപകടം: ഹെലികോപ്റ്റര്‍ വഴി എയര്‍ ക്രൂ ഡൈവേഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി

പെരുമാതുറയില്‍ ബോട്ട് തകര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാ പ്രവര്‍ത്തനത്തിനായി നേവിയുടെ എയര്‍ ക്രൂ ഡൈവേഴ്‌സ് സംഘം വൈകിട്ട് 5 മണിയോടെ മുതലപ്പൊഴിയിലെത്തി. തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ സംഘം പരിശോധന നടത്തുന്നു. പുലര്‍ച്ചെ 5 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്. ഇതോടൊപ്പം കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ എത്തിയ നേവിയുടെ മറ്റൊരു മുങ്ങല്‍ വിദഗ്ധരുടെ സംഘവും തെരച്ചില്‍ നടത്തുന്നുണ്ട്. കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ ചാര്‍ലി 414, സമ്മര്‍ എന്നിവ തീരത്തോട് ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. ഇതിനു പുറമെ കൊച്ചിയില്‍ നിന്നുള്ള ഡോര്‍ണിയര്‍ വിമാനവും എ.എല്‍.എച് ഹെലികോപ്റ്ററും തീരത്തോട് ചേര്‍ന്ന് നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍, സബ്കളക്ടര്‍ എം.എസ് മാധവിക്കുട്ടിയും ഇന്‍സിഡന്റ് കമാന്ററായ എല്‍.എ എയര്‍പോര്‍ട്ട് സ്പെഷ്യല്‍ തഹസില്‍ദാര്‍ സജി എസ്.എസ്സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

date