Skip to main content

കനകക്കുന്നിലെ ഭക്ഷ്യമേളയ്ക്ക് പറയാനുണ്ടൊരു 'ദോശക്കഥ'

നനുത്ത മഴയുള്ള സമയത്ത് ചൂടുള്ള നല്ല മൊരിഞ്ഞ ദോശ കഴിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ. എണ്ണ പുരട്ടി ചൂട് പിടിച്ച കല്ലില്‍ മാവ് കലക്കി താളത്തില്‍ ഒന്ന് ചുറ്റിച്ച് നെയ്യ് ചേര്‍ത്ത് പരത്തിയെടുക്കുന്ന പലതരം ദോശകള്‍. കനകക്കുന്നിലെ ഭക്ഷ്യമേളയില്‍ താരമായി മാറുകയാണ് ദോശ സ്റ്റാള്‍. ചീസ് ദോശ, ബട്ടര്‍ ദോശ, ചിക്കന്‍ ദോശ മുതല്‍ സ്‌പെഷ്യല്‍ ദോശ വരെയുള്ള 13 വ്യത്യസ്ത ദോശകള്‍ വിളമ്പുകയാണ് കഫെ കുടുംബശ്രീയിലെ ഭക്ഷ്യസ്റ്റാള്‍.

എക്കാലത്തും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭമാണല്ലോ ദോശ. ഇവിടെ നിന്നും പോക്കറ്റ് കാലിയാകാതെ വിവിധ തരം ദോശകള്‍ കഴിക്കാം. 50 രൂപ മുതലാണ് ദോശയുടെ വില ആരംഭിക്കുന്നത്. കൂടെ കട്ടനോ, പുതിനാ ചായയോ, ജിഞ്ചര്‍ ചായയോ ആവാം. മാത്രമല്ല തനി നാടന്‍ ഭക്ഷണവും ചൈനീസ് വിഭവങ്ങളും ഇവിടെ നിന്ന് ആസ്വദിക്കാം. ചുരുക്കത്തില്‍ ഒരു കുടക്കീഴില്‍ രുചിയുടെ ഒരു വൈവിധ്യ ലോകം തന്നെ ഇവിടെ തീര്‍ത്തിരിക്കുന്നു.  

ഉദ്ഘാടന ദിവസം തന്നെ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. കുടുംബമായും കൂട്ടുകാരൊത്തും വൈകുന്നേരങ്ങളില്‍ ഇവിടെയെത്തി ലൈവായി ദോശകള്‍ വാങ്ങി കഴിക്കുന്നവരാണ് ഏറെ. ഈ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ സെപ്തംബര്‍ 12  വരെ കനകക്കുന്നില്‍ അവസരമുണ്ട്.

date