Skip to main content

ആര്‍ത്തിരമ്പി ജനസാഗരം; ആഘോഷ ലഹരിയില്‍ നെടുമങ്ങാട്

**ഓണോത്സവം 2022, സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു.

ഉത്രാടപ്പാച്ചിലിനിടയിലും ഉത്സവത്തിമിര്‍പ്പിലായി നെടുമങ്ങാട്. നെടുമങ്ങാട്  നഗരസഭയും വിനോദ സഞ്ചാര വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഓണോത്സവം 2022 ന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ തിരശീലയിലെ മിന്നും താരത്തെ നേരില്‍ കണ്ട ആവേശമായിരുന്നു നെടുമങ്ങാട് നിവാസികള്‍ക്ക്. നിറഞ്ഞ  കരഘോഷത്തോടെയാണ് മുഖ്യാതിഥി ആസിഫ് അലിയെ അവര്‍ വേദിയിലേക്ക് വരവേറ്റത്. ഈ വര്‍ഷത്തെ തന്റെ ആദ്യ ഓണാഘോഷം നെടുമങ്ങാട്ടുക്കാരോടൊപ്പമായതില്‍  സന്തോഷമുണ്ടെന്ന് ആസിഫ് പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ ജനകീയ പദ്ധതികള്‍ യുവതലമുറയ്ക്ക് മികച്ച മാതൃകകളാണെന്നും  അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക സമ്മേളനം മന്ത്രി ജി.ആര്‍ അനില്‍ ഉദ്്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന ഓണാഘോഷ പരിപാടികളില്‍ ജനങ്ങളുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും,  വിവിധ ജനവിഭാഗങ്ങളുടെയും വകുപ്പുകളുടെയും സഹകരണമാണ് ഓണാഘോഷ പരിപാടികളുടെ വിജയമെന്നും മന്ത്രി പറഞ്ഞു. ആസിഫ് അലിക്കുള്ള സ്‌നേഹോപഹാരം മന്ത്രി കൈമാറി.

ഓണോത്സവം 2022 ന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വിതരണം ചെയ്തു. ചെണ്ടമേളം, മാജിക് ഷോ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. നെടുമങ്ങാട് കല്ലിങ്കല്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകളുടേയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടേയും പ്രദര്‍ശന- വിപണന സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കളരിപ്പയറ്റ് ഉള്‍പ്പെടെയുള്ള വിവിധ നാടന്‍ കലാരൂപങ്ങള്‍, സംഗീത - നൃത്ത പരിപാടികള്‍ എന്നിവയും മേളയില്‍ എല്ലാ ദിവസവും ഉണ്ടാകും. നഗരത്തിലെ വ്യാപാരി വ്യവസായികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒരുക്കിയ വൈദ്യുത ദീപാലങ്കാരം സന്ദര്‍ശകര്‍ക്ക് കാഴ്ച വിസ്മയം സമ്മാനിക്കുന്നു.

സെപ്തംബര്‍ 11ന് നടക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ഓണാഘോഷ പരിപാടികള്‍ സമാപിക്കും. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മാര്‍ക്കറ്റ് ജംഗ്ഷന്‍, സൂര്യ തിയേറ്റര്‍ റോഡു വഴി കച്ചേരിനടയില്‍ സമാപിക്കും. തെയ്യം, ശിങ്കാരിമേളം, ചെണ്ടമേളം, പഞ്ചവാദ്യം, വിവിധ കലാരൂപങ്ങള്‍, എന്‍. സി.സി, എന്‍.എസ്.എസ്, എസ്. പി. സി കേഡറ്റ്‌സ്, സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാന്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും സമാപന ദിവസം പിന്നണി ഗായകന്‍ അഫ്‌സല്‍, അഖില ആനന്ദ്  എന്നിവര്‍ ഒരുക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

date