പാലട മുതല്‍ ആപ്പിള്‍ പായസം വരെ ; കനകക്കുന്നിലെ പായസ മധുരം
പായസമാണല്ലോ ഓണാഘോഷങ്ങളുടെ 'ഹൈലൈറ്റ്'. ഓണം വാരാഘോഷത്തിന്റെ പ്രധാന വേദികളിലൊന്നായ കനകക്കുന്നിലെ പ്രകൃതിഭംഗിയും വാണിജ്യ മേളയും കണ്ട് ഫുഡ് കോര്‍ട്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് വ്യത്യസ്ത രുചികളിലുള്ള പായസങ്ങള്‍. കഫെ കുടുംബശ്രീ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയില്‍ താരമാവുകയാണ് പായസമേളയും. പാലട, അട പ്രഥമന്‍, കടല പായസം തുടങ്ങിയ പതിവ് പായസങ്ങള്‍ക്ക് പുറമെ ആപ്പിള്‍,റോസാപ്പൂ, പൈനാപ്പിള്‍, ഈന്തപ്പഴ പായസങ്ങളുമുണ്ട്.
വ്യത്യസ്ത പായസങ്ങള്‍ രുചിക്കാന്‍ നിരവധി പേരാണ് വൈകുന്നേരങ്ങളില്‍ ഒഴുകിയെത്തുന്നത്. 40 രൂപ മുതല്‍ പായസം ലഭ്യമാകും. പൊതുവെ മധുരപ്രിയരല്ലാത്തവര്‍ക്കും ആസ്വദിക്കാവുന്ന രുചി ഭേദങ്ങളും ഇവിടെയുണ്ട്. നാടന്‍ ചേരുവകള്‍ ഉപയോഗിച്ചുള്ള പായസം മുതല്‍ ഫൈവ് സ്റ്റാര്‍ രുചി വരെ ഇവിടെ നിന്ന് നുകരാം. ഭക്ഷ്യമേളയില്‍ നിന്ന് ഊണും കപ്പയും മീന്‍കറിയും ബിരിയാണിയും മറ്റും കഴിച്ച് 'ഡെസേര്‍ട്ട്' ആയി പായസം കഴിക്കുന്നവരും ഏറെയാണ്. സെപ്തംബര്‍ 12 വരെ കനകക്കുന്നിലെത്തുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന രുചി ഭേദങ്ങള്‍ ആസ്വദിക്കാം. പ്രായഭേദമന്യേ എല്ലാവര്‍ക്കും വേണ്ട വിഭവങ്ങള്‍ ഭക്ഷ്യ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
- Log in to post comments