സിറ്റി സേഫാണ്; സുരക്ഷാച്ചുമതലയ്ക്ക് ആയിരത്തോളം പൊലീസുകാര്‍
സംസ്ഥാനത്തെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ മാത്രം സുരക്ഷയൊരുക്കുന്നത് 960 പോലീസുകാര്‍. ജില്ലയിലെ 32 പ്രധാന വേദികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. ഇവിടെയെത്തുന്നവര്‍ക്കുള്ള അടിയന്തര സഹായം, ട്രാഫിക് നിയന്ത്രണം, മഫ്തി പോലീസ് നിരീക്ഷണം, സിസിടിവി നിരീക്ഷണം സ്നാച്ചിങ്- മിസിങ് കേസുകള്‍, ജനക്കൂട്ട നിയന്ത്രണം തുടങ്ങിയ ദൗത്യങ്ങളാണ് ഇവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ളത്. ആളുകളുടെ സുരക്ഷയും പരിപാടികളുടെ സുഗമമായ നടത്തിപ്പും മുന്നില്‍കണ്ട് ഇവര്‍ കൈക്കോര്‍ക്കുമ്പോള്‍ ജില്ലയില്‍ പഴുതടച്ച സുരക്ഷ സംവിധാനം പ്രദാനം ചെയ്യാന്‍ കേരളപോലീസിന് സാധിക്കുന്നു.
ഓണം വാരാഘോഷത്തിന്റെ പ്രധാനവേദികളിലൊന്നായ കനകക്കുന്നില്‍ മാത്രം മുന്നൂറോളം പോലീസുകാരാണ് കര്‍മനിരതരായി രംഗത്തുള്ളത്. 36 സുരക്ഷാ ക്യാമറകളിലൂടെ കനകക്കുന്നിന്റെ മുക്കും മൂലയും നിരീക്ഷിക്കാന്‍ നിശാഗന്ധിക്ക് സമീപത്തുള്ള കണ്ട്രോള് റൂമിലെ സ്ക്രീനുകളും സജ്ജമാണ്. ഡിസിപിയുടെ നേതൃത്വത്തില്‍ അഞ്ച് സിഐമാര്‍, ഒരു ഡിവൈഎസ്പി, 10 എസ് ഐമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് കണ്ട്രോള് റൂം. ജില്ലാ പോലീസ് കണ്ട്രോള് സെന്ററിന് കീഴില്‍ ഓണം വാരാഘോഷത്തിന്റെ അവസാന ദിനം വരെയും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും.
- Log in to post comments