Skip to main content

കളര്‍ഫുള്ളായി നെയ്യാര്‍ഡാം, ഓണക്കാഴ്ചകള്‍ കാണാന്‍ വന്‍തിരക്ക്

വിവിധ സര്‍ക്കാര്‍ വകുപ്പുകളും കള്ളിക്കാട് ഗ്രാമപഞ്ചായത്തും നെയ്യാര്‍ ഡാം പരിസരത്ത് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ഇത്തവണ ഓണസമ്മാനമായി എല്ലാവര്‍ക്കും ഭക്ഷ്യകിറ്റുകള്‍ എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും ഇതിലൂടെ ഓണത്തിന് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പിക്കാനായെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന ഓണാഘോഷ പരിപാടികളില്‍ ജനങ്ങളുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡും ലോക്ഡൗണും സമൂഹത്തില്‍ സൃഷ്ടിച്ച പ്രതിസന്ധിക്ക് വിരാമമിട്ട് ഓണമാഘോഷിക്കാന്‍ ഗ്രാമപ്രദേശങ്ങളിലും വലിയ തിരക്കാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഓണാഘോഷം നഷ്ടപ്പെട്ടതിന്റെ ദുഃഖം നികത്തുന്നതിനായി വന്‍ ജനസാഗരമാണ് നെയ്യാര്‍ ഡാമിലേക്ക് എത്തുന്നത്.

ജലസേചനം, വനം, മത്സ്യബന്ധന വകുപ്പുകളും കള്ളിക്കാട് ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് ഉത്രാട ദിവസം മുതല്‍ സെപ്തംബര്‍ പതിനൊന്നാം തീയതി വരെ നീണ്ടുനില്‍ക്കുന്ന ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. കള്ളിക്കാട് മുതല്‍ നെയ്യാര്‍ഡാം വരെയുള്ള പാതയുടെ ഇരുവശവും വൈദ്യുത ദീപാലങ്കാരം സ്ഥാപിച്ച് ദൃശ്യവിസ്മയമൊരുക്കിയിട്ടുണ്ട്. നെയ്യാര്‍ഡാമിലെ പ്രധാന വേദിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍  ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ കലാ- സാഹിത്യ മത്സരങ്ങള്‍, ഫ്‌ളോട്ടുകള്‍ തുടങ്ങിയവ മേളയുടെ മുഖ്യ ആകര്‍ഷണമാണ്.
ജലസേചന വകുപ്പാണ് അണക്കെട്ടും പൂന്തോട്ടവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദീപാലങ്കാരം നടത്തിയിട്ടുള്ളത്. ബോട്ടിങ്, ട്രക്കിങ് എന്നിവയ്ക്ക് വനം വകുപ്പും സൗകര്യമൊരുക്കിയിട്ടുണ്ട്. 22 പേര്‍ക്കിരിക്കാവുന്ന പുതിയ ബോട്ടും ആഘോഷത്തിന്റെ ഭാഗമായി എത്തി.

സെപ്തംബര്‍ 11ന്  സാംസ്‌കാരിക ഘോഷയാത്രയോടുകൂടി ഈ വര്‍ഷത്തെ നെയ്യാര്‍ ഡാമിലെ ഓണം വാരാഘോഷത്തിന് സമാപനം കുറിക്കും. വൈകുന്നേരം നാല്  മണിക്ക് കള്ളിക്കാട് നിന്നും ആരംഭിക്കുന്ന  ഘോഷയാത്ര നെയ്യാര്‍ ഡാമില്‍ അവസാനിക്കും. സാംസ്‌കാരിക ഘോഷയാത്രയില്‍ കള്ളിക്കാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ മത്സരാധിഷ്ഠിതമായി പങ്ക് പേരും.

date