Skip to main content

നിശാഗന്ധിയെ ആവേശക്കൊടുമുടിയിലെത്തിച്ച് 'പുതിയകേരളം' മെഗാഷോ

നിശാഗന്ധിയെ അക്ഷരാർത്ഥത്തിൽ  ആവേശക്കൊടുമുടിയിലെത്തിച്ച് 'പുതിയ കേരളം' മെഗാഷോ. മലയാള മനോരമ സംഘടിപ്പിച്ച താരസമ്പന്നമായ പരിപാടിയിൽ  കലാകാരന്മാർ മികച്ച പ്രകടനങ്ങൾ കൊണ്ട് കാണികളെ കയ്യിലെടുത്തു. വേദമിത്രയുടെ വയലിൻ നാദത്തിനു താളമിട്ട് ചെണ്ടക്കാർ കൂടി എത്തിയതോടെ ആസ്വാദനം പാരമ്യത്തിലെത്തി. തുടർന്ന് സയനോര, അൻവർ സാദത്ത്, അക്ബർ ഖാൻ, റിതു തുടങ്ങിയവർ തട്ടുപൊളിപ്പൻ ഗാനങ്ങളു മായെത്തി.  സിജാ റോസും സംഘവും അവതരിപ്പിച്ച നൃത്തം കാണികൾക്ക് ദൃശ്യവിരുന്നായി.

ഡോ. ഗായത്രി സുബ്രമണ്യം അവതരിപ്പിച്ച കേരള നടനവും ശ്രദ്ധേയമായി. അതോടൊപ്പം കനകക്കുന്നിലെ വിവിധ വേദികളിലായി അരങ്ങേറിയ പരമ്പരാഗത കലാരൂപങ്ങളായ കണ്ണ്യർക്കളി, പടയണി, അർജ്ജുനനൃത്തം എന്നിവയ്ക്കും കാണികൾ ഏറെയായിരുന്നു.
പരപ്പിൽ കറുമ്പന്റെ കാക്കാരിശ്ശി നാടകവും, വിൽകലാ മേളയും, അലാമിക്കളിയും കാണികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ചു.

ഇന്ന് (സെപ്റ്റംബർ 12) നിശാഗന്ധിയിൽ വൈകുന്നേരം 7.30 മുതൽ  ഹരീഷ് ശിവരാമകൃഷ്ണന്റെ 'അകം' ബാൻഡ് സംഗീത വിരുന്ന് ഒരുക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകുന്നേരം 6 മണി മുതൽ നിത്യ മാമ്മൻ, ഹിഷാം അബ്‌ദുൾ വഹാബ് എന്നിവരുടെ മ്യൂസിക്കൽ ബാൻഡ്, ആക്രോബാറ്റിക് ഡാൻസ് എന്നിവയുമുണ്ടാകും.

date