ലൈഫ്: വെള്ളനാട് 144 വീടുകള്‍ പൂര്‍ത്തിയായി
* നാല് ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളും പൂര്‍ത്തിയായി
* ആദിവാസി മേഖലകളില്‍ ബോധവല്‍ക്കരണം നടത്തി
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ ഏറ്റെടുത്ത 181 വീടുകളില്‍ 144 എണ്ണവും പൂര്‍ത്തീകരിച്ച് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. 2007 മുതല്‍ 2016 വരെയുള്ള കാലയളവില്‍ വിവിധ പദ്ധതികളിലായി വീടുവയ്ക്കാന്‍ സഹായം ലഭിച്ചിട്ടും പൂര്‍ത്തിയാകാത്ത വീടുകള്‍ക്കാണ് ഇപ്പോള്‍ ലൈഫിലൂടെ പുതുജീവന്‍ ലഭിച്ചത്. ഗുണഭോക്താക്കളുടെ ആവശ്യമനുസരിച്ച് പരമാവധി നാല് ലക്ഷം രൂപ വരെയാണ് പൂര്‍ത്തീകരണത്തിനായി നല്‍കിയതെന്ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി പറഞ്ഞു.
വെള്ളനാട് ബ്ലോക്കിന് കീഴില്‍ എട്ട് ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ കുറ്റിച്ചല്‍, വിതുര പഞ്ചായത്തുകള്‍ ആദിവാസി മേഖലയാണ്. കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീട് ഇവിടുത്തെ പല കുടുംബങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. ലൈഫ് പദ്ധതിയിലൂടെ സൗജന്യമായി വീടുവച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും വിമുഖത കാട്ടിയ ഇവരെ പഞ്ചായത്ത് അധികൃതര്‍ നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തി സമ്മതിപ്പിക്കുകയായിരുന്നു. കുറ്റിച്ചല്‍, വിതുര പഞ്ചായത്തുകളിലായി ഇതുവരെ 53 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും പ്രസിഡന്റ് അറിയിച്ചു.
തൊളിക്കോട്, ഉഴമലയ്ക്കല്‍, വെള്ളനാട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റെടുത്ത മുഴുവന്‍ വീടുകളും ഇതിനോടകം പൂര്‍ത്തീകരിച്ചു. ആര്യനാട് 18 വീടുകളും കാട്ടാക്കട ഗ്രാമപഞ്ചായത്തല് 16 വീടുകളും പൂര്‍ത്തിയായി. വീടുവയ്ക്കാന്‍ പരമാവധി 4 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിമുറി നിര്‍മാണത്തിനും മറ്റുമായി നിശ്ചിത തൊഴില്‍ ദിനങ്ങള്‍ ലൈഫ് ഗുണഭോക്താക്കള്‍ക്കായി പഞ്ചായത്ത് നല്കി. ഇനി പൂര്‍ത്തീകരിക്കാനുള്ള 37 വീടുകളുടെ പണികള്‍ അന്തിമഘട്ടത്തിലാണെന്നും ഈ വര്‍ഷത്തോടുകൂടി അവ പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
- Log in to post comments