അറിവിന്റെ വഴി ചോദ്യങ്ങളുടേതാണ്, ഉത്തരങ്ങളുടേതല്ല: മന്ത്രി എം ബി രാജേഷ്
എം എൽ എ മെറിറ്റ് അവാർഡ് ദാനം
അറിവിന്റെ വഴി ചോദ്യങ്ങളുടേതാണ്, ഉത്തരങ്ങളുടേതല്ലെന്നും നിലക്കാത്ത ചോദ്യങ്ങൾ ചോദിക്കുന്നവരായി മാറാൻ വിദ്യാർഥികൾക്ക് കഴിയട്ടെയെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കല്യാശ്ശേരി മണ്ഡലത്തിലെ ഉന്നത വിജയികൾക്കുള്ള എം എൽ എ മെറിറ്റ് അവാർഡ് ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചോദ്യങ്ങൾ നിലച്ചാൽ അറിവിന്റെ വഴി മുട്ടും എന്നാണർഥം. അറിവിന്റെ വഴി ഉത്തരത്തിന്റെയും മാർക്കിന്റെയും മാത്രമല്ല. അതിനേക്കാൾ പ്രധാനമായി ചോദ്യങ്ങളുടേതാണ്. പുതിയ അറിവ് ഉണ്ടാവുന്നത് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുമ്പോഴാണ്. ചോദ്യങ്ങളാണ് അറിവിനെ മുന്നോട്ടു നയിക്കുന്നത്. ചോദ്യങ്ങൾ ഉണ്ടാവുന്നത് വിമർശനാത്മക ചിന്തയിൽനിന്നാണ്. കാണുന്നത്, കേൾക്കുന്നത്, വായിക്കുന്നത് അതുപോലെ സ്വീകരിക്കുമ്പോഴല്ല, വിമർശനാത്മകമായി സമീപിക്കുമ്പോഴാണ് പുതിയ ആശയം, പുതിയ അറിവ് ഉണ്ടാവുക-മന്ത്രി പറഞ്ഞു.
മുമ്പ് പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ മെയ് മാസം കുട്ടികളെ തേടി വീടുവീടാന്തരം അലയുന്നിടത്ത്, ഇപ്പോൾ പ്രവേശനത്തിന് കുട്ടികളും രക്ഷിതാക്കളും വരിവരിയായി വന്ന് പൊതുവിദ്യാലയങ്ങളിൽ നിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പത്ത് ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ കൂടിയത്. ജനന നിരക്ക് കുറയുമ്പോഴാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടുന്നത്. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ കണ്ണഞ്ചിക്കുന്ന മാറ്റമാണ് ഉണ്ടായത്. ക്ലാസ് മുറികൾ ഹൈടെക്കായി. അതിനോട് സ്വകാര്യ വിദ്യാലയങ്ങളും മത്സരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരത്തിലും മാറ്റമുണ്ടായി. ഈ മാറ്റത്തിന്റെ ഗുണഭോക്താക്കൾ, പൊതുവിദ്യാഭ്യാസം മെച്ചപ്പെട്ടിരുന്നില്ലെങ്കിൽ പണ്ടത്തേതു പോലെ തോറ്റുപോകുമായിരുന്ന സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കളാണ്്. അതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രാഷ്ട്രീയം. സർക്കാർ സ്‌കൂളുകൾ നന്നായപ്പോൾ, മുമ്പ് അവഗണിക്കപ്പെട്ട തലമുറയാണ് മുന്നോട്ടുവരുന്നത്. പൊതുവിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർഥികൾക്ക് മത്സര പരീക്ഷകളിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ കഴിയുന്നുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി കേരളം അനുഭവിക്കുന്ന ആ മാറ്റം വെറുതെ വന്നതല്ല. ബോധപൂർവ്വമായി നടത്തിയ പ്രവർത്തനത്തിന്റെ, ബദൽ നയത്തിന്റെ, ഇടപെടലിന്റെ ഒക്കെ മാറ്റമാണ്. ഈ നേട്ടം മുന്നോട്ട് കൊണ്ടുപോവണമെങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റമുണ്ടാവണം. ഇതിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് വാങ്ങിയ പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ് എ പി അഫ്ര, സിബിഎസ്ഇ എസ്എസ്എൽസി പരീക്ഷയിൽ ദേശീയ തലത്തിൽ മൂന്നാം റാങ്ക് നേടിയ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ ശ്രേയ പ്രദീപ്, എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മണ്ഡലത്തിലെ സ്‌കൂളുകൾ എന്നിവർ മന്ത്രിയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികളെയും, ബിരുദ, ബിരുദാനന്തര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെയും അനുമോദിച്ചു.
എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, മാടായി കോ ഓപറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡൻറ് പി പി ദാമോദരൻ, സംഘാടക സമിതി ചെയർമാൻ കെ പത്മനാഭൻ, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി ഗോവിന്ദൻ (ഏഴോം), എം ശ്രീധരൻ (ചെറുതാഴം), ടി ടി ബാലകൃഷ്ണൻ (കല്ല്യാശ്ശേരി), കെ രതി (കണ്ണപുരം), ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം സി പി മുഹമ്മദ് റഫീഖ്, ഏഴോം ഗ്രാമപഞ്ചായത്തംഗം ജസീർ അഹമ്മദ്, മാടായി എഇഒ എം വി രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഫോറം കോ ഓർഡിനേറ്റർ ഡോ. എൻ രാജേഷ്, എച്ച് എം ഫോറം കൺവീനർ ടി വി ഗണേശൻ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു
- Log in to post comments