Skip to main content

ഓണാഘോഷത്തിന് മാറ്റേകാന്‍ കലശമലയും;  പരിപാടികള്‍ 8ന് തുടങ്ങും

 

വിനോദസഞ്ചാര കേന്ദ്രമായ കലശമലയില്‍ മൂന്ന് ദിവസത്തെ ഓണാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ 8ന് തുടക്കമാകും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടികളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി എ സി മൊയ്തീന്‍ എംഎല്‍എ അറിയിച്ചു. 

തിരുവോണ നാളില്‍ തുടങ്ങി സെപ്റ്റംബര്‍ 10 വരെയാണ് ഓണാഘോഷം. 8ന് വൈകിട്ട് 6 മണിക്ക് എ സി മൊയ്തീന്‍ എംഎല്‍എ കലശമല ഓണം 2022 ഉദ്ഘാടനം ചെയ്യും. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രമ്യ ഹരിദാസ് എം പി, കലാമണ്ഡലം നിര്‍വാഹക സമിതി അംഗം ടി കെ വാസു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ വി വല്ലഭന്‍, പത്മം വേണുഗോപാല്‍, സിനിമാതാരം വി കെ ശ്രീരാമന്‍, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് ജേതാവ് ബി കെ ഹരിനാരായണനെ ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ ഭാഗമായി കേളി, മങ്ങാട് സ്‌കൂള്‍ കുട്ടികളുടെ ബാന്‍ഡ് ഫ്യൂഷന്‍ മിമിക്സ്, പ്രാദേശിക കലാപരിപാടികള്‍, തുടര്‍ന്ന് ശ്രേയ കളക്ടീവ് ബാന്‍ഡ് ഫ്യൂഷന്റെ കലാപ്രകടനവും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 9ന് അഞ്ജലി നൃത്ത വിദ്യാലയത്തിന്റെ തിരുവാതിരക്കളി, ശ്രീപാദം കൈകൊട്ടിക്കളി, കലാമണ്ഡലം ശ്രീനാഥ്  അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, പാലക്കാട് ഗൗരി ക്രിയേഷന്‍സിന്റെ  മെഗാ ഡാന്‍സ് ഷോ എന്നിവയും 10ന് ദേവരാഗം മ്യൂസിക്സിന്റെ വയലിന്‍ ഫ്യൂഷന്‍ ഷോ, കലാമണ്ഡലം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം, ശ്രീരുദ്ര കൊടുങ്ങല്ലൂര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരം എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരം 6.30നാണ് സമാപന സമ്മേളനം. ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ കുടുംബശ്രീപ്രവര്‍ത്തകരുടെ ഫുഡ് കോര്‍ട്ടുകളുംകലശമലയില്‍ പ്രവര്‍ത്തിക്കും. പ്രാദേശിക കലാകാരന്മാരുടെ കലാവിഷ്‌കാരവും ഒരുക്കിയിട്ടുണ്ട്. കലാ പരിപാടികള്‍ വൈകിട്ട് 5 മുതല്‍ ആരംഭിക്കും. 

പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം വിനീത് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

date