കോവിഡാനന്തരം കേരളത്തിലെ ഏറ്റവും മികച്ച ഓണാഘോഷത്തിന് വർണ്ണക്കുട വേദിയൊരുക്കി : മന്ത്രി എം ബി രാജേഷ്
കോവിഡാനന്തരം കേരളത്തിലെ ഏറ്റവും മികച്ച ഓണാഘോഷത്തിന് ഇരിങ്ങാലക്കുടയിലെ വർണ്ണക്കുട വേദിയൊരുക്കിയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ സമാപനദിന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രിപദം ഏറ്റെടുത്തതിന് ശേഷം എം ബി രാജേഷ് ആദ്യമായി പങ്കെടുത്ത പൊതുസമ്മേളനം കൂടിയായി വർണ്ണക്കുട. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അദ്ദേഹത്തിന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം നൽകി.
ഇരിങ്ങാലക്കുടയുടെ നാട്ടുവീഥികൾക്ക് സര്‍ഗ, സംഗീത, കായിക- കലാവിരുന്ന് സമ്മാനിച്ച വര്‍ണ്ണക്കുടയുടെ സമാപന സമ്മേളനം അയ്യങ്കാവ് മൈതാനത്ത് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മ ആണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ഡോ.ആര്‍ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റവന്യൂമന്ത്രി കെ രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.
ആര്‍ എല്‍ വി രാമകൃഷ്ണന്‍, അയ്യപ്പക്കുട്ടി ഉദിമാനം, പി കെ കിട്ടന്‍ മാസ്റ്റര്‍, ചന്ദ്രന്‍, മുരളി എന്നീ കലാകാരന്‍മാരെ ചടങ്ങില്‍ ആദരിച്ചു. പൊതുസമ്മേളനത്തിന് മുമ്പ് റിഥം ഓഫ് ഫോക്ക് നാടന്‍ പാട്ടുത്സവവും സമ്മേളന ശേഷം തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക് ബാന്റും അരങ്ങേറി.
- Log in to post comments