തീരപ്പെരുമ സാംസ്കാരിക സമ്മേളനത്തിന് ഇന്ന് (സെപ്റ്റംബർ 8 ) തുടക്കമാകും
ചാവക്കാട് നഗരസഭയും ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം "തീരപ്പെരുമയിൽ" സാംസ്കാരിക സമ്മേളനത്തിന് ഇന്ന് (സെപ്റ്റംബർ 8 ) തുടക്കം. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങ് എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. പൊതുപരിപാടികളുടെ ഉദ്ഘാടനത്തിന് ശേഷം വൈകീട്ട് 7 മണിക്ക് 11 കെ.വി മ്യൂസിക് ബാൻഡ് ടീമിന്റെ സംഗീത നിശ ഉണ്ടാകും.
സെപ്റ്റംബർ 9ന് വൈകിട്ട് 3 മുതൽ വടംവലി, ചാക്കിൽചാട്ടം, കസേരക്കളി സ്പൂൺ റൈസ്, പട്ടം പറപ്പിക്കൽ തുടങ്ങിയ മത്സരങ്ങളും 7 മണിക്ക് പിന്നണിഗായകർ രതീഷ് നാരായണൻ (ഐഡിയ സ്റ്റാർ സിംങ്ങർ), നീതു ഫൈസൽ എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
സമാപന സമ്മേളനം സെപ്റ്റംബർ 10ന് വൈകീട്ട് 5ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും. സമാപന ദിവസത്തിൽ ബെല്ല ഇവെന്റ്സ് കോഴിക്കോടിന്റെ മെഗാ ഷോയും അരങ്ങേറും. ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള സ്റ്റാളുകളുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും പ്രവർത്തനം സെപ്റ്റംബർ 2 മുതൽ ആരംഭിച്ചിരുന്നു.
- Log in to post comments