പൂവിളികൾക്ക് ആവേശം നിറച്ച് വാഴാനി ഫെസ്റ്റ് : ഉദ്ഘാടന സമ്മേളനം സെപ്റ്റംബർ 9 ന്
ഓണനാളുകൾക്ക് ആവേശം നിറച്ച് മുന്നേറുന്ന വാഴാനി ഓണം ഫെസ്റ്റിന് സെപ്റ്റംബർ 9 ന് സമാപനം. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വാഴാനി ഡാം കേന്ദ്രീകരിച്ച് തെക്കുംകര ഗ്രാമപഞ്ചായത്തും ഡിടിപിസിയും സംയുക്തമായി നടത്തുന്ന വാഴാനി ഫെസ്റ്റ് ഓണാഘോഷത്തിന്റെ ആവേശം കൂട്ടുന്നതായിരുന്നു. ഫെസ്റ്റിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടന്ന പരിപാടികൾ ജനസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. കലാപരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 9 ന് വൈകിട്ട് 5.30ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ എന്നിവർ മുഖ്യാതിഥികളാവും. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിത സതീഷ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇറിഗേഷൻ) പി വി അനിൽകുമാർ , മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് 7 മണി മുതൽ ടിവി -സിനിമ താരം നസീർ സംക്രാന്തി നയിക്കുന്ന മെഗാ ഷോ അരങ്ങേറും.
ആഗസ്റ്റ് 30ന് വിരുപ്പാക്ക കമ്പനിപ്പടി മുതൽ വാഴാനി വരെ നടത്തിയ ഘോഷയാത്രയോടെയാണ് ഓണം ഫെസ്റ്റിന് തുടക്കമായത്. ദീപാലങ്കാരം, വുമൺസ് തഗ് ഓഫ് വാർ, ഫുട്ബോൾ പെനാൽട്ടി ഷൂട്ടൗട്ട്, കുട്ടികളുടെ കായിക മത്സരങ്ങൾ, തിരുവാതിര കളി, കുട്ടികളുടെ കലാ മത്സരങ്ങൾ, പൂക്കള മത്സരം, മെഗാ തിരുവാതിര, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ വ്യത്യസ്ത ദിവസങ്ങളിലായി വാഴാനിയെ ആവേശത്തിലാഴ്ത്തി.
ഫെസ്റ്റിനോട് അനുബന്ധിച്ച് ഇന്ന് (സെപ്റ്റംബർ 8) വൈകിട്ട് 6 മുതൽ സൃഷ്ടി വടക്കാഞ്ചേരി അവതരിപ്പിക്കുന്ന സംഗീത നിലാവ് വേദിയിലെത്തും. ശനിയാഴ്ച വൈകിട്ട് 3 മണിക്ക് തദ്ദേശീയരുടെ കലാപരിപാടികളും 6.30ന് നാടൻപാട്ടും നടക്കും. ഞായറാഴ്ച 3 മണിക്ക് തദ്ദേശീയരുടെ കലാപരിപാടികളും നൃത്ത നൃത്ത്യങ്ങളും അരങ്ങേറും.
സെപ്റ്റംബർ 12 ന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എംപി, എ സി മൊയ്തീൻ എം എൽ എ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി സി സജീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ്ണൻ, ഡിടിപിസി സെക്രട്ടറി ജോബി ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ആൻമേരി, ഗായകൻ രാജശേഖരൻ, സരിഗമപ ഫെയിം അനിഖ എന്നിവർ നയിക്കുന്ന ഗാനമേള അരങ്ങേറും.
- Log in to post comments