Skip to main content

മേളപ്പെരുമയോടെ ഓണാഘോഷം: മനം നിറച്ച് കാഴ്ചകൾ 

 

നനുത്ത് പെയ്ത പഞ്ചവാദ്യത്തിന്റെ മേളപ്പെരുമയ്ക്കൊപ്പം തേക്കിൻകാടിന്റെ താളത്തുടുപ്പിൽ കൊട്ടിക്കയറി ജില്ലയുടെ ഓണാഘോഷം.
കണ്ണുചിമ്മുന്ന അലങ്കാര ദീപങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ആഘോഷ പരിപാടികളാണ് 
ഉത്രാടപ്പാച്ചിലിലും നഗരത്തിലെത്തിലെത്തിയ
ആയിരങ്ങളെ വരവേറ്റത്. ഡിടിപിസിക്കൊപ്പം ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായാണ് തേക്കിൻകാട് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നല്‍കുന്നത്. 

കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ഓണാഘോഷത്തിനായി നാടും നഗരവും ഒത്തുച്ചേർന്നതോടെ തേക്കിൻകാട് ആവേശത്താൽ ആറാടി. കേരള കലാമണ്ഡലത്തിന്റെ
നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പഞ്ചവാദ്യത്താൽ മേളപ്പെരുക്കം തീർത്തത്. വാദ്യ കലാപ്രേമികളുടെ നാടായ തൃശൂരിന്റെ സായം സന്ധ്യകളെ താളമയമാക്കി പഞ്ചവാദ്യ മേളം. 

കേരളീയ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതിയ കലാമണ്ഡലം സംഘത്തിന്റെ എന്റെ കേരളം നൃത്ത ശിൽപവും കാണികളുടെ മനം നിറച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി തുടങ്ങിയ നൃത്തരൂപങ്ങൾ ഒരുമിച്ച് അണിനിരത്തിയാണ് കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ നൃത്തശിൽപം അവതരിപ്പിച്ചത്. തുടർന്ന് നന്ദകിഷോർ അവതരിപ്പിച്ച വൺമാൻ കോമഡി ഷോയും ആൽമരം മ്യൂസിക് ബാന്റ് ഒരുക്കിയ സംഗീത വിരുന്നും ഓണാഘോഷത്തിന്റെ  ആവേശം കൂട്ടി. നഗരവീഥികളെ വർണ വെളിച്ചത്തിൽ മുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളെ  കൗതുകത്തോടെ ആണ് ജനങ്ങൾ സ്വീകരിച്ചത്. 

സെപ്റ്റംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന വിവിധ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികളും ഓണാഘോഷത്തിൻ്റെ ഭാഗമായി അരങ്ങേറും.  വിവിധ ദിവസങ്ങളിലായി പ്രമുഖരുടെ നേതൃത്വത്തില്‍ കലാവതരണങ്ങൾ രംഗത്തെത്തും. കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങിലെത്തും. സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് തൃശൂരിന്റെ സ്വന്തം പൈതൃക കലാരൂപമായ പുലിക്കളി സംഘടിപ്പിക്കും. 

ജില്ലാ കേന്ദ്രത്തിലെ ഓണാഘോഷ പരിപാടികള്‍ക്കു പുറമെ, പീച്ചി, ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, സ്‌നേഹതീരം ബീച്ച് തുടങ്ങിയ ആറ് ടൂറിസം കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ നടക്കുന്നത്. 

ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 8 ) വൈകിട്ട് 5.00ന്  കലാഭവന്‍ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി നൈറ്റ്,  7.30ന് റാസ - ബീഗം അവതരിപ്പിക്കുന്ന ഗസല്‍ രാവ് എന്നിവ വേദിയിലെത്തും

date