തിരുവോണരാവിൽ മനം നിറച്ച് ഗസലും ചിരിപ്പൂരവും
ആവേശം ചോരാതെ രണ്ടാം ദിനം
നനുത്ത മഴയ്ക്കൊപ്പം പെയ്തിറങ്ങിയ ഗസലിൽ സ്വയമലിഞ്ഞും ശുദ്ധഹാസ്യം തീർത്ത ചിരിമാലയിൽ മതിമറന്നും സാംസ്‌കാരിക നഗരത്തിന്റെ തിരുവോണരാവ്. തേക്കിൻകാടിന്റെ ആകാശത്ത് ആശങ്കകൾ പടർത്തിയ കാർമേഘക്കൂട്ടവും ഇടവിട്ട് പെയ്ത ചാറ്റൽ മഴയും ഓണക്കാഴ്ചകളുടെ ആവേശം ചോർത്തിയില്ല.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഓണാഘോഷത്തിന് നിറ പകിട്ടേകാൻ രണ്ടാം ദിനവും ആയിരങ്ങൾ നഗരത്തിലെത്തി. ഡിടിപിസിക്കൊപ്പം ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും സംയുക്തമായാണ് തേക്കിൻകാട് മൈതാനിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
ചിരിയും പാട്ടും സമ്മാനിച്ച കോമഡി മ്യൂസിക്കൽ നൈറ്റ് ആണ് കലാ സ്നേഹികൾക്ക് മുന്നിൽ ആദ്യം എത്തിയത്. കലാഭവൻ സതീഷിന്റെയും സുധീർ പറവൂരിന്റെയും നേതൃത്വത്തിലാണ് ചിരിയുടെ അമിട്ട് പൊട്ടിച്ചുള്ള ആഘോഷ വിരുന്ന് അരങ്ങേറിയത്. പൂവിളികളുടെ ഗ്രഹാതുര സ്മരണകൾ ഉണർത്തി ഓണപ്പാട്ടിന്റെ താളവും ആഘോഷ രാവുകൾക്ക് മിഴിവേകി. ജില്ലാ കലക്ടർ ഹരിത വി കുമാറും സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യയും കാണികളായി എത്തിയത് ഓണാവേശത്തിന്റെ മാറ്റുക്കൂട്ടി.
ഗാനങ്ങളുടെ ഇശൽ മഴയുമായി വേദിയിലെത്തിയ റാസ - ബീഗത്തിന്റെ ഗസലുകളും ഓണരാവിനെ വർണാഭമാക്കി. നനുത്ത മഴയ്ക്കൊപ്പം പെയ്തിറങ്ങിയ ഇശലുകളിൽ മനം നിറഞ്ഞ് തേക്കിൻകാടും താളമിട്ടു.
സെപ്റ്റംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന വിവിധ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികളും ഓണാഘോഷത്തിൻ്റെ ഭാഗമായി അരങ്ങേറും. വിവിധ ദിവസങ്ങളിലായി പ്രമുഖരുടെ നേതൃത്വത്തില്‍ കലാവതരണങ്ങൾ രംഗത്തെത്തും. സമാപന ദിവസം തൃശൂരിന്റെ സ്വന്തം പൈതൃക കലാരൂപമായ പുലിക്കളി സംഘടിപ്പിക്കും.
ജില്ലാ കേന്ദ്രത്തിലെ ഓണാഘോഷ പരിപാടികള്‍ക്ക് പുറമെ, പീച്ചി, ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, സ്‌നേഹതീരം ബീച്ച് തുടങ്ങിയ ആറ് ടൂറിസം കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 9)
വൈകിട്ട് 5.00ന് : കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, ജയരാജ് വാര്യരുംസംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്*
*മറ്റ് ദിവസങ്ങളിലെ പരിപാടികൾ
...........
സെപ്റ്റംബര്‍ 10ന് വൈകിട്ട് 5.30ന്
തൈവമക്കള്‍' അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവയും നടക്കും.
സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് ശേഷം വിവിധ സംഘങ്ങള്‍ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും. വൈകീട്ട് 6ന് സമാപനസമ്മേളനം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. 7.30 ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റ്, തുടര്‍ന്ന് മികച്ച പുലിക്കളി ടീമുകള്‍ക്കുള്ള പുരസ്‌കാരവിതരണം നടക്കും.
- Log in to post comments