തിരുവോണ നാളിൽ വിരുന്നായി കനോലി കനാലിൽ തൃപ്രയാർ ജലോത്സവം
കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം കനോലി കനാലിൽ നടന്ന തൃപ്രയാർ ജലോത്സവം കാണികൾക്കുള്ള തിരുവോണ വിരുന്നായി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ജലോത്സവം കാണാൻ നിരവധി പേരാണ് കനോലി കനാലിന്റെ ഇരുകരകളിലുമായി എത്തിയത്. ജലോത്സവം ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രളയവും കോവിഡും കഴിഞ്ഞ് നമ്മുടെ നാട് എല്ലാ അർത്ഥത്തിലും ഉണർന്ന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഓണക്കാലത്ത് ജലോത്സവം ഉൾപ്പെടെയുള്ള ആഘോഷങ്ങളെല്ലാം സജീവമാകുന്നത് പ്രതീക്ഷ ഉണർത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജലോത്സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര സി സി മുകുന്ദൻ എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തു. സംഘാടകസമിതി ചെയർമാൻ പി എം അഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, അന്തിക്കാട്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി ആർ കൃഷ്ണകുമാർ, കെ സി പ്രസാദ്, നാട്ടിക, വലപ്പാട്, താന്ന്യം, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. എ.ബി എന്നീ രണ്ട് ഗ്രെയ്‌ഡുകളിലായി നടന്ന ജലോത്സവത്തിൽ ഇരുപത് ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്.
തൃപ്രയാർ ജലോത്സവത്തോടനുബന്ധിച്ചുള്ള സമ്മാനദാനം റവന്യൂമന്ത്രി കെ രാജൻ നിർവ്വഹിച്ചു. ജില്ലയിലെ സാംസ്കാരികോത്സവങ്ങളുടെ വിശദാശങ്ങൾ ഉൾപ്പെടുത്തിയുള്ള സാംസ്കാരിക കലണ്ടർ അടുത്തവർഷം രൂപപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഓണത്തിനൊപ്പം തൃശൂർ പൂരവും പുലികളിയും ജലോത്സവങ്ങളുമെല്ലാം ജില്ലയുടെ സാംസ്കാരികോത്സവങ്ങളാണ്. ഇവയെല്ലാം ഉൾപ്പെടുത്തിയാണ് സാംസ്കാരിക കലണ്ടർ രൂപപ്പെടുത്തുക. കോട്ടപ്പുറം, കണ്ടശാംകടവ്, തൃപ്രയാർ ഉൾപ്പെടെയുള്ള ജലോത്സവങ്ങളെല്ലാം സാംസ്കാരിക കലണ്ടറിൽ ഉൾപ്പെടുത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരമാവധി ടൂറിസ്റ്റുകളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് സാംസ്കാരിക കലണ്ടർ രൂപപ്പെടുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എ ഗ്രെയ്‌ഡ് വിഭാഗത്തിൽ വിജയികളായ താണിയവും ബി ഗ്രെയ്‌ഡിൽ ചെറിയ പണ്ഡിതനും മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
- Log in to post comments