Skip to main content
കലശമലയിലെ  ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എ.സി മൊയ്തീൻ എംഎൽഎ നിർവ്വഹിക്കുന്നു

ഓണാഘോഷത്തിന് ആവേശം നിറച്ച് കലശമലയും 

 

കുന്നംകുളത്തിന് ആഘോഷങ്ങളുടെ രാപ്പകലുകൾ സമ്മാനിക്കാൻ കലശമലയും. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കലശമലയിൽ മൂന്ന് ദിവസത്തെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഓണാഘോഷം.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍  നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍,  പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ രാമകൃഷ്ണൻ,  ജനപ്രതിനിധികള്‍, കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബി കെ ഹരിനാരായണനെ ചടങ്ങില്‍ ആദരിച്ചു. 

ശ്രേയ കളക്ടീവ് ബാന്‍ഡ് ഫ്യൂഷൻ . ഒരുക്കിയ  സംഗീതനിശ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പരിപാടിയുടെ ഭാഗമായി കേളി, മങ്ങാട് സ്‌കൂള്‍ കുട്ടികളുടെ ബാന്‍ഡ് ഫ്യൂഷന്‍ മിമിക്സ്, പ്രാദേശിക കലാപരിപാടികളും അരങ്ങേറി.  ചൊവ്വന്നൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫുഡ് കോര്‍ട്ടും കലശമലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ആഘോഷ പരിപാടികൾ ഇന്ന് (സെപ്റ്റംബര്‍ 10) അവസാനിക്കും. വൈകുന്നേരം 6.30നാണ് സമാപന സമ്മേളനം.  പ്രാദേശിക കലാകാരന്മാരുടെ കലാവിഷ്‌കാരവും ഒരുക്കിയിട്ടുണ്ട്. കലാപരിപാടികള്‍ വൈകിട്ട് 5 മുതല്‍ ആരംഭിക്കും. ദേവരാഗം മ്യൂസിക്സിന്റെ വയലിന്‍ ഫ്യൂഷന്‍ ഷോ, കലാമണ്ഡലം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം, ശ്രീരുദ്ര കൊടുങ്ങല്ലൂര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ദൃശ്യാവിഷ്‌കാരം എന്നിവ  ഉണ്ടായിരിക്കും.

date