കണ്ടശ്ശാംകടവ് ജലമേളയെ ജനകീയമാക്കും: മന്ത്രി കെ.രാജൻ
സംസ്ഥാനത്തെ വിനോദസഞ്ചാര പ്രസ്ഥാനത്തെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. കണ്ടശ്ശാംകടവ് ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സാംസ്കാരിക തലസ്ഥാനമായ തൃശൂരിന് സാംസ്കാരിക കലണ്ടർ തയ്യാറാക്കും. ഇതിലൂടെ തൃശൂരിലേക്ക് ലോകശ്രദ്ധയെ ആകർഷിക്കാൻ സാധിക്കുമെന്നും ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ടശ്ശാങ്കടവ് ജലോത്സവം കൂടുതൽ ജനകീയമാക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡിൻ്റെ വറുതിയിൽ നിന്നും പുനർജനിയുടെ കാലത്തേക്ക് കടക്കുന്ന ജനങ്ങൾക്ക് ഇത്തവണ ഓണം ആഘോഷിക്കാൻ സംസ്ഥാന സർക്കാർ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയതായി മന്ത്രി പറഞ്ഞു. ക്ഷേമപെൻഷനുകൾ ഓണത്തിന് മുന്നേ വിതരണം ചെയ്തു. തൊഴിലുറപ്പ്കാർക്കും ഹരിതകർമ സേനാഗംങ്ങൾക്കും ഉത്സവബത്ത നൽകി. ഓണക്കിറ്റ് വിതരണം 97 ശതമാനം പൂർത്തീകരിച്ച ജില്ലയാണ് തൃശൂരെന്നും മന്ത്രി അറിയിച്ചു.
മണലൂർ, വാടാനപ്പള്ളി പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിച്ചത്. മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ കൃഷ്ണകുമാർ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി എൻ സുർജിത്, മണലൂർ പഞ്ചായത്ത് പ്രസിഡൻ്റും ജലോത്സവം ചെയർമാനുമായ പി ടി ജോൺസൺ, ട്രഷർ രാകേഷ് കണിയാംപറമ്പിൽ, കൺവീനർ ശാന്തി ഭാസി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments