സ്ത്രീകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ
സ്ത്രീകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗ ഗുണങ്ങള്‍ മുന്‍നിര്‍ത്തി യുവ തലമുറയ്ക്ക് ഇവ പരിചയപ്പെടുത്തുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്. 2500ഓളം മെന്‍സ്ട്രുവല്‍ കപ്പുകള്‍ നഗരസഭ സൗജന്യമായി വിതരണം ചെയ്യും. ഇതിനായി ഒമ്പത് ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്. സാനിറ്ററി പാഡുകള്‍ നശിപ്പിക്കാന്‍ പലയിടത്തും സംവിധാനം ഇല്ലാത്തതും സ്ത്രീകളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമായാണ് നഗരസഭ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. ഒപ്പം പാഡുകള്‍ നശിപ്പിക്കുന്നത് വഴി പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുറക്കുകയും ഇതിന്റെ ലക്ഷ്യമാണ്.
യാത്രാവേളകളിലും മറ്റും പാഡുകള്‍ മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് കാരണം പലരും ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന വിട്ടുവീഴ്ച പലപ്പോഴും സ്ത്രീകളെ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. പാഡ് ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. നഗരസഭയിലെ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കാണ് മെന്‍സ്ട്രുവല്‍ കപ്പ് ആദ്യം വിതരണം ചെയ്യുക. ആരോഗ്യവകുപ്പുമായി സംയോജിച്ച് കുടുംബശ്രീ മുഖേന കപ്പിനെ കുറിച്ച് ബോധവത്കരണം നടത്തും. കൂടാതെ സെപ്റ്റംബര്‍ 20വരെയുള്ള വാര്‍ഡ് സഭകള്‍ വഴി മെന്‍സ്ട്രുവല്‍ കപ്പിനെക്കുറിച്ച് വിശദീകരണം നല്‍കും. വാര്‍ഡ് സഭകള്‍ കഴിയുന്നതോടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭ്യമാകും.
രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്ത പരിസ്ഥിതി സൗഹൃദമായ ആര്‍ത്തവ കപ്പുകള്‍ക്ക് പ്രചാരമേറി വരികയാണ്. പരമ്പരാഗത രീതികളെക്കാള്‍ ശുചിത്വം ഉറപ്പുവരുത്തുന്ന ഇവ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. കഴുകി വൃത്തിയാക്കി സൂക്ഷിച്ചാല്‍ ആറുമാസംവരെ കപ്പ് ഉപയോഗിക്കാന്‍ പറ്റുമെന്നതാണ് പ്രധാന മേന്മയായി ചൂണ്ടിക്കാട്ടുന്നത്. ഒരു മെന്‍സ്ട്രുവല്‍ കപ്പിന് 400 രൂപയോളം വിലയുണ്ട്. പുതു തലമുറയ്ക്ക് ഇവ പരിചയപ്പെടുത്താനും മെന്‍സ്ട്രുവല്‍ കപ്പിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും പദ്ധതിയിലൂടെ സാധിക്കുമെന്നും നഗരസഭാധ്യക്ഷ കെ.വി.സുജാത പറഞ്ഞു.
- Log in to post comments