എല്ലാവർക്കും ഓണം ആഘോഷിക്കാൻ സർക്കാർ സൗകര്യമൊരുക്കി: മന്ത്രി വി.എൻ. വാസവൻ
ഓണാഘോഷത്തിന് നിറപ്പകിട്ടാർന്ന തുടക്കം
കോട്ടയം: എല്ലാവർക്കും ഓണം സമുചിതമായി ആഘോഷിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് സഹകരണ-സാംസ്കാരിക-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും കോട്ടയം നഗരസഭയും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടി 'ചിങ്ങനിലാവ് 2022 ' കോട്ടയം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുഭിക്ഷമായി ഓണം ആഘോഷിക്കാൻ സൗജന്യ ഓണക്കിറ്റും ക്ഷേമ പെൻഷനും വീട്ടിലെത്തിച്ചു. സപ്ലൈക്കോയും കൺസ്യൂമർ ഫെഡും നാടിന്റെ നാനാഭാഗത്ത് വിൽപന ശാലകളിട്ട് വിലക്കയറ്റത്തിനു വിരാമമിട്ടുവെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷനായി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഓണസന്ദേശം നൽകി. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, നഗരസഭാംഗം ജയമോൾ ജോസഫ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡി.റ്റി.പി.സി. സെക്രട്ടറി റോബിൻ സി. കോശി എന്നിവർ പ്രസംഗിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷൻ അവതരിപ്പിച്ച തിരുവാതിരകളി. ഗായിക സീതാലക്ഷ്മിയുടെ ഗാനമേള എന്നിവ അരങ്ങേറി. ഇന്ന് (സെപ്റ്റംബർ 7) വൈകിട്ട് നാലിന് മഹാബലി പ്രശ്ചന്നവേഷ മത്സരം, 4.30 മുതൽ ജില്ലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ, അഞ്ചിന് മഴവിൽ മെലഡീസ് കോട്ടയത്തിന്റെ ഗാനമേള, ഏഴിന് വൈക്കം മാളവികയുടെ നാടകം 'മഞ്ഞു പെയ്യുന്ന മനസ്'എന്നിവ നടക്കും.
ഫോട്ടോകാപ്ഷൻ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും കോട്ടയം നഗരസഭയും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടി 'ചിങ്ങനിലാവ് 2022' കോട്ടയം തിരുനക്കര മൈതാനത്ത് സഹകരണ-സാംസ്കാരിക-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.
(കെ.ഐ. ഒ.പി. ആർ 2151/2022)
- Log in to post comments