Skip to main content

മന്ത്രിയുടെ ഇടപെടൽ: തെയ്യാല റോഡ് റെയിൽവെ ഗേറ്റ് താത്ക്കാലികമായി തുറന്നു

 

 

 മന്ത്രി വി.അബ്ദുറഹിമാന്റെ ഇടപെടലിനെ തുടർന്ന് തെയ്യാല റോഡ് റെയിൽവെ ഗേറ്റ് താത്ക്കാലികമായി തുറന്നു. നിലവിൽ ചെറിയ വാഹനങ്ങളാണ് കടത്തി വിടുന്നത്. 2.75 മീറ്ററിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾ ഇതു വഴി കടന്നുപോകാൻ കഴിയില്ല. സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവ് നൽകിയത്. ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷനിലേക്ക് ചില സംഘടനകൾ മാർച്ച് നടത്തിയിരുന്നു. മേൽപ്പാലം നിർമാണത്തിന്റെ പൈലിങ് പ്രവൃത്തികൾക്കായാണ് റെയിൽവേ ഗേറ്റ് അടച്ചത്. എന്നാൽ പൈലിങ് പ്രവൃത്തി അവസാനിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഗേറ്റ് തുറക്കുന്ന നടപടിയെടുക്കാൻ റെയിൽവേ അധികൃതർ തയ്യാറായില്ല.

 

    ഗേറ്റ് തുറക്കാൻ വൈകിയതു കാരണം പ്രദേശവാസികൾ ഏറെ പ്രയാസത്തിലായിരുന്നു. കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് താനൂർ നഗരത്തിലെത്താൻ ഒന്നര കിലോമീറ്റർ ചുറ്റേണ്ടിയിരുന്നു. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ റെയിൽവേ അധികൃതരുമായി ചർച്ച നടത്തി. ഗേറ്റ് താൽക്കാലികമായി തുറക്കാമെന്ന് തീരുമാനമെടുത്തെങ്കിലും പാലക്കാട് റെയിൽ ഡിവിഷനിൽ നിന്നും തുറക്കുന്നതിന് നടപടി സ്വീകരിച്ചില്ല.

 

  സതേൺ റെയിൽവെ മാനേജറുമായി തിരുവനന്തപുരത്ത് വെച്ച് മന്ത്രി ചർച്ച നടത്തുകയും ജനറൽ മാനേജർ ഗെയിറ്റ് തുറക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്യുകയുണ്ടായി. ശേഷം കേന്ദ്ര റെയിൽവെ മന്ത്രിയെ നേരിൽ കാണുകയും കാര്യം ചർച്ച ചെയ്യുകയും ചെയ്തതിനെ തുടർന്ന് അടിയന്തരമായി സ്ഥലം പരിശോധിച്ച് ഗേറ്റ് താൽക്കാലികമായി തുറന്ന് കൊടുക്കാൻ സതേൺ റെയിൽവേക്ക് റെയിൽവെ മന്ത്രി നിർദ്ദേശം നൽകി. ഇതേ തുടർന്ന് പാലക്കാട് ഡിവിഷനിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും തുടർന്ന് താൽക്കാലികമായി റെയിൽവെ ഗെയിറ്റ് തുറക്കാൻ തീരുമാനമാനിക്കുകയും ചെയ്തു.

 

 ഈ മാസം അവസാനിക്കുന്നതിന് മുമ്പായി ഗേറ്റ് വീണ്ടും അടയ്ക്കും. റെയിൽവെ ട്രാക്കിന്റെ മുകളിൽ ഘടിപ്പിക്കുന്ന ബീമുകൾ സ്ഥാപിക്കുന്നതിന് രണ്ട് തൂണുകളുടെ പ്രവൃത്തി തുടങ്ങുന്നതിന് വേണ്ടിയാണ് വീണ്ടും അടയ്ക്കുന്നത്. രണ്ടു പില്ലറുകളും നിലവിലെ റോഡിന്റെ മധ്യത്തിലാണ് വരിക. അതുകൊണ്ടു തന്നെ ഗെയിറ്റ് അടയ്ക്കുകയല്ലാതെ പ്രവൃത്തി തുടങ്ങാൻ കഴിയുകയില്ല.

ReplyForward

 
date