Skip to main content

ഓണം വാരാഘോഷത്തിന് വര്‍ണാഭ തുടക്കം

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലയില്‍ വര്‍ണാഭമായ തുടക്കം. മലപ്പുറം ടൗണ്‍ഹാളില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. അതിദരിദ്രരായ ആളുകളില്ലാത്ത കേരളം ആറ് മാസത്തിനകം പൂര്‍ത്തിയാകും. ഇതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചുട്ടുണ്ട്. ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് വര്‍ഷം മുഴുവന്‍ സൗജന്യ ഭക്ഷണം നല്‍കും. വീടില്ലാത്ത എല്ലാവര്‍ക്കും വീടുകള്‍ അനുവദിക്കും. 3.45 ലക്ഷം പേരാണ് കേരളത്തില്‍ ഭവനരഹിതരായിട്ടുള്ളത്. ഇതില്‍ 38000 പേര്‍ക്ക് ഷിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ വീട് അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ലൈഫ് പദ്ധതി വഴി വീട് നല്‍കും. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഓണത്തിന് മുമ്പായി എല്ലാവര്‍ക്കും ആനുകൂല്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ചു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്യുന്നതിനായി 100 കോടി രൂപ അനുവദിച്ചു. 60 വയസ്സിന് മുകളിലുള്ള പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവര്‍ക്ക് ആയിരം രൂപ വീതം നല്‍കി. താത്കാലിക ജീവനക്കാര്‍ അടക്കമുള്ള മുഴുവന്‍ ആളുകള്‍ക്കും ആനുകൂല്യം നല്‍കിയതായും മന്ത്രി പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ പിഎസ്എ ഷബീര്‍ അധ്യക്ഷത വഹിച്ചു. എഡിഎം എന്‍എം മെഹറലി, നഗരസഭ കൗണ്‍സിലര്‍മാരായ ഒ സഹദേവന്‍, സി സുരേഷ്, തഹസില്‍ദാര്‍ ഹാരിസ് കപ്പൂര്‍, ഡിടിപിസി എക്‌സി. കമ്മിറ്റി അംഗങ്ങളായ വിപി അനില്‍, വിലാസിനി, പി ഷബീര്‍, ഡിടിപിസി സെക്രട്ടറി വിപിന്‍ ചന്ദ്ര എന്നിവര്‍ സംസാരിച്ചു.

ടൂറിസം വകുപ്പിന്റെയും  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ് ഓണം വാരാഘോഷ പരിപാടികല്‍ നടത്തുന്നത്. വാരാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 12 വരെ ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും.  മലപ്പുറം കോട്ടക്കുന്നില്‍ വടംവലി, പൂക്കള മത്സരം,  കലാപരിപാടികള്‍ എന്നിവ നടത്തി.  ഉദ്ഘാടന ദിവസമായ ഇന്നലെ  മലപ്പുറത്ത്  ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഹോള്‍ഡര്‍ ഗിരീഷ് ആലങ്കോടിന്റെ തായമ്പക, കലാമണ്ഡലം അഭിജോഷും സംഘവും അവതരിപ്പിച്ച ചാക്യാര്‍ കൂത്ത്, ബ്ലൈന്‍ഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറും. സെപ്തംബര്‍ ഒമ്പതിന് കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ പൂക്കള മത്സരം, സാംസ്‌കാരിക പരിപാടികള്‍, നാടന്‍പാട്ട് എന്നിവ നടക്കും. പൊന്നാനി ബിയ്യം കായലില്‍ നീന്തല്‍മത്സരവും വള്ളംകളി മത്സരവും നടക്കും. വൈകിട്ട് അഞ്ചിന്   പൊന്നാനി ബിയ്യംകായല്‍ പരിസരത്ത് ജമ്മുകാശ്മൂര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കലാകാരന്‍മാരുടെ സംഘം അവതരിപ്പിക്കുന്ന വസന്തോത്സവവും നടക്കും. സെപ്തംബര്‍ 10 ന് കരുവാരക്കുണ്ട് ഇക്കോവില്ലേജില്‍ ഓടമുള ഉത്പന്നങ്ങള്‍ നിര്‍മാണം, പ്രദര്‍ശനം, മെഗാതിരുവാതിര ഘോഷയാത്ര, സാംസ്‌കാരിക പരിപാടികള്‍, കതിര്‍ കരുവാരക്കുണ്ട് അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവ നടക്കും. സെപ്തംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ടിന് താനൂര്‍ പൂരപ്പുഴയില്‍ വള്ളംകളി നടക്കും. തുടര്‍ന്ന് സാംസ്‌കാരിക കലാപരിപാടികളും അരങ്ങേറും. സെപ്തംബര്‍ 12 ന് തിരൂരില്‍ ലാസ്യകലാക്ഷേത്ര അവതരിപ്പിക്കുന്ന സൂര്യപുത്രന്‍ കലാപരിപാടികള്‍ അരങ്ങേറും. അന്നേദിവസം നിലമ്പൂരില്‍ സമ്മേളനത്തോടെ ഓണം വാരാഘോഷ പരിപാടികള്‍ക്ക് സമാപനമാവും.

date