Skip to main content

പൂരപ്പുഴ വളളം കളി സെപ്തംബർ 11ന് നടക്കും 

 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് പൂരപ്പുഴ വളളം കളി സെപ്തംബർ 11ന്‌ ഉച്ചക്ക് രണ്ട് മുതൽ ഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. താനൂർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയിരുന്നു 

മന്ത്രി.

 

12 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഉച്ചക്ക് രണ്ടിന് ഉദ്ഘാടനച്ചടങ്ങുകളും ജലഘോഷയാത്രയും നടക്കും.തുടർന്ന് മത്സരത്തിന് കൊടി വീശും. പ്രാഥമിക റൗണ്ടുകൾ പൂർത്തിയായാൽ സെമി ഫൈനൽ ലുസേഴ്സ് ഫൈനലും ഫൈനൽ മത്സരങ്ങളും നടക്കും.ഒന്നാം സമ്മാനം 50,000 രൂപയാണ്. രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 15,000 രൂപയും നാലാം സമ്മാനം 10, 000 രൂപയുമാണ്. വിജയികളാകുന്നവർക്ക് ട്രോഫികളും നൽകും. പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും മെമൊന്റെകളും സമ്മാനിക്കും.

 

താനൂരിലെയും പരിസരങ്ങളിലെയും ക്ലബുകളും സ്ഥാപനങ്ങളും സംഘടനകളും മുൻകുട്ടി സ്പോൺസർ ചെയ്തതാണ് ഇത്തവണത്തെ മുഴുവൻ വള്ളങ്ങളും. 

കേരള വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സഹകരിച്ച് എന്റെ താനൂരിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് വള്ളംകളിയുടെ സംഘാടകർ. താനൂരിനെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കുകയെന്നതാണ് പൂരപ്പുഴ വള്ളംകളിയിലൂടെ ലക്ഷ്യമിടുന്നത്.

 

മൂന്നാമത് പൂരപ്പുഴ വളളംകളിയുടെ ഭാഗമായി 10, 11 തീയതികളിൽ ( ശനി, ഞായർ ദിവസങ്ങളിൽ ) താനൂരിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 10 ന് വൈകീട്ട് അഞ്ചിന് താനൂർ ജംങ്ഷനിൽ വീൽസ് ഓൺ മ്യുസിക്ക് സംഗീത പരിപാടി നടക്കും. വൈകീട്ട്ഏഴിന് കാഴ്ച പരിമിതരുടെ കുട്ടായ്മയായ മഞ്ചേരി ചലഞ്ചേഴ്സ് ബ്ലയിന്റ് ഓർക്കസ്ട്രയുടെ വിവിധ പരിപാടികളുമുണ്ടാകും.

 

സെപ്തംബർ 11 ന് രാവിലെ ഒൻപത് മുതൽ ചിറക്കൽ കെ.പി.എൻ.എം.യു.പി സ്ക്കൂൾ ഗ്രൗണ്ടിൽ വിവിധ മത്സരങ്ങൾ നടക്കും. 9.30 ന് കുടുംബശ്രി മിഷന്റെ ആഭിമുഖ്യത്തിൽ താനൂർ നിയോജക മണ്ഡലം പരിധിയിലെ കുടുംബശ്രീ സി.ഡി. എസുകളെ ഉൾപ്പെടുത്തി വനിതകൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ നടത്തും.

 

വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തും. സാംസ്കാരിക സമ്മേളനത്തിൽ സിനിമാ താരവും മിസ് കേരളയുമായ അനുപ്രശോഭിനി അതിഥിയാവും.

വൈകീട്ട് 4.30 ന് തായമ്പക, ചാക്യാർക്കുത്ത്, നൃത്തനൃത്ത്യങ്ങൾ  വൈകീട്ട്  6.30 ന് ദേശീയ-അന്തർദേശീയ ശ്രദ്ധ നേടിയ അട്ടപ്പാടി ഇരുള വിഭാഗം അവതരിപ്പിക്കുന്ന ഇരുള നൃത്തവും തുടർന്ന് രാത്രി എട്ടിന് 

വോയ്സ് മലബാർ ഒരുക്കിയ സംഗീത നിശ എന്നിവ നടക്കും.

 

2017 ലാണ് ആദ്യമായി പൂരപ്പുഴയിൽ വള്ളംകളി നടന്നത്. തുടർന്ന്

2018 ലും പൂരപ്പുഴ വള്ളംകളി നടന്നു. 2019 ലെ പ്രളയവും തുടർന്ന് രണ്ട് വർഷങ്ങൾ കോവിഡ് മഹാമാരിയും കാരണം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ പൂരപ്പുഴയിലും വള്ളംകളി നടന്നിരുന്നില്ല.

 

സംഘാടക സമിതി കൺവീനർ തിരൂർ അർബൻ ബാങ്ക് ചെയർമാൻ ഇ. ജയൻ, മലബാർ ദേവസ്വം ബോർഡ് ഏരിയാ ചെയർമാൻ ഒ. കെ ബേബി ശങ്കർ,  സംഘാടക സമിതി അംഗങ്ങളായ മേപ്പുറത്ത് ഹംസു, നാദിർഷ കടായിക്കൽ, താനൂർ എസ്.എച്ച്. ഒ ജീവൻ ജോർജ് എന്നിവർ പങ്കെടുത്തു.

 

date