മലബാര്‍ ഡിജിറ്റല്‍ സ്റ്റോറുമായി കുടംബശ്രീ
'മലബാര്‍ ഡിജിറ്റല്‍ സ്‌റ്റോര്‍ കോം' എന്ന ആദ്യത്തെ ജനകീയ വികേന്ദ്രീകൃത ഇ- കോമേഴ്‌സ് നടപ്പിലാക്കാനൊരുങ്ങി മലപ്പുറം കുടുംബശ്രീ മിഷന്‍. പാലക്കാട് ഐ.ആര്‍.ടി.സിയുടെ സ്ഥാപനമായ സുസ്ഥിര ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി നബാര്‍ഡുമായി സഹകരിച്ച് സംസ്ഥാന മിഷന്റെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ജില്ലാ മാനേജ്‌മെന്റ് ടീം, പഞ്ചായത്ത് തല ഡിജിറ്റല്‍ ബിസിനസ് പ്രമോട്ടര്‍ എന്നിവരെ അയല്‍കൂട്ട/പ്രവാസികള്‍ വഴി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ വഴി കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങള്‍, അയല്‍കൂട്ട അംഗങ്ങള്‍, ഇവരുടെ കുടുംബാംഗങ്ങള്‍, പ്രവാസികള്‍, കര്‍ഷക സംഘടനകള്‍, ചെറുകിട സംരംഭകര്‍ തുടങ്ങി താത്പര്യമുള്ളവര്‍ക്ക് സൗജന്യമായി ഡിജിറ്റല്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിന് സഹായം നല്‍കും. ഡിജിറ്റല്‍ സ്‌റ്റോറുകളിലൂടെ മാത്രമായി മലബാര്‍ കൈപുണ്യം എന്ന ഹോം മേഡ് ബ്രാന്റ്, മലബാര്‍ ഹാന്റ്‌സ് എന്ന നിത്യ ഉപയോഗ ബ്രാന്റുകളും വികസിപ്പിച്ച് ഇന്ത്യ മുഴുവന്‍ വിപണി കണ്ടെത്തും. സംസ്ഥാന സര്‍ക്കാരിന്റെ ഇരുപത് ലക്ഷം തൊഴില്‍ പദ്ധതിയിലേക്ക് ഒരു മുതല്‍ കൂട്ടായും കാലത്തിനനുസരിച്ചുള്ള സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയായും മലപ്പുറത്ത് നടപ്പിലാക്കുന്ന മലബാര്‍ ഡിജിറ്റല്‍ സ്‌റ്റോര്‍ മാറും.
- Log in to post comments