മലയോര മേഖലയിലെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ്; എ.കെ.ജി പൊടോത്തുരുത്തി ജേതാക്കൾ
മലയോര മേഖലയിലെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ജില്ലാ തല വള്ളംകളി മത്സരത്തിൽ എ.കെ.ജി പൊടോത്തുരുത്തി ജേതാക്കൾ. ഒരു മിനിറ്റും 49 സെക്കൻ്റുമെടുത്താണ് ഇവർ ഒന്നാമതെത്തിയത്. ഒരു മിനിറ്റും 57 സെക്കൻ്റുമായി വിഷ്ണുമൂർത്തി ബോട്ട് ക്ലബാണ് റണ്ണറപ്പ്. ലൂസേഴ്സ് ഫൈനലിൽ കൃഷ്ണപിള്ള കാവുംചിറ മൂന്നാം സ്ഥാനവും വയൽക്കര മയ്യിച്ച നാലാം സ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചുങ്കത്തറ പഞ്ചായത്തും സംയുക്തമായാണ് ചുങ്കത്തറ മണലി - ആറം പുളിക്കൽ കടവിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ജില്ലാ തല വള്ളംകളി മത്സരം സംഘടിപ്പിച്ചത്. മലയോര മേഖലയിൽ ഇതാദ്യമായാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. നാല് വടക്കൻ ചുരുളൻ വള്ളങ്ങളുമായി 10 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ചാലിച്ചോൻ അച്ചാംതുരുത്തി, കൃഷ്ണപിള്ള കാവുംചിറ, വയൽക്കര മയ്യിച്ച, എ.കെ.ജി പൊടോത്തുരുത്തി, എ.കെ.ജി മയ്യിച്ച, റെഡ്സ്റ്റാർ കാര്യങ്കോട്, വിഷ്ണുമൂർത്തി ബോട്ട് ക്ലബ്, ഇ.എം.എസ് മുഴക്കിൽ, ന്യൂ ബ്രദേഴ്സ് മയ്യിച്ച, ശ്രീ വയൽക്കര വെങ്ങാട്ട് എന്നീ ടീമുകമാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ആദ്യ റൗണ്ടിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷിങ് പോയൻ്റിലെത്തിയ കെ.ബാലകൃഷ്ണൻ നയിച്ച എ.കെ.ജി പൊടോത്തുരുത്തിയും ടി.ശ്രീധരൻ നയിച്ച വിഷ്ണുമൂർത്തി ബോട്ട് ക്ലബുമാണ് ഫൈനലിൽ മാറ്റുരച്ചത്. ഒന്നര ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. വിജയികൾക്ക് ട്രോഫികളും സമ്മാനിച്ചു.
മലയോളം ആവേശവുമായി ജില്ലാ തല വള്ളംകളി മത്സരത്തിന് സമാപനം
മലയോര മേഖലയിലെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് വേദിയായി നിലമ്പൂർ
സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി ചുങ്കത്തറ മണലി - ആറം പുളിക്കൽ കടവിൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ജില്ലാ തല വള്ളംകളി മത്സരം ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. പുഷ്പവല്ലി അധ്യക്ഷയായി. സാംസ്കാരിക ഘോഷയാത്ര, മത്സര വള്ളങ്ങളുടെ ജലഘോഷയാത്ര എന്നിവയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
മലയോര മേഖലയിൽ ആദ്യമായി നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് പ്രതികൂല കാലാവസ്ഥയിലും വലിയ ജനപങ്കാളിത്തമാണ് പുന്നപ്പുഴയുടെ ഇരുകരയിലും ആർപ്പുവിളികളോടെ കാത്തു നിന്നത്. നാല് വടക്കൻ ചുരുളൻ വള്ളങ്ങളുമായി 10 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകൾ സംഗമിക്കുന്ന വരക്കോട് കടവിൽ നിന്നാരംഭിച്ച് ആറം പുളിക്കൽ കടവിൽ അവസാനിക്കുന്ന രീതിയിൽ 750 മീറ്റർ നീളത്തിലായിരുന്നു മത്സരം. എല്ലാ ജില്ലകളിലെയും മത്സരത്തിന് ശേഷം കൊച്ചിയിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾ നടക്കുക.
ഉദ്ഘാടന പരിപാടിയിൽ നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം.കെ നജ്മുന്നീസ, ഒ.ടി ജയിംസ്, പി. ഉസ്മാൻ, വിദ്യാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി പി.വിപിൻ ചന്ദ്ര, എക്സിക്യൂട്ടീവ് അംഗം പി. ഷെബീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
- Log in to post comments