പ്രൈമറി വിദ്യാലയങ്ങള്‍ മുതല്‍ പ്ലാസ്റ്റിക് വിമുക്തമാവണം - നിയമ സഭാ സ്പീക്കര്‍
പ്രൈമറി വിദ്യാലയം തൊട്ട് പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ ശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹരിത വിദ്യാലയം എന്ന ആശയം പൂര്‍ണമാകണമെങ്കില്‍ വിഷരഹിതമായ പാത്രങ്ങള്‍ കൂടി ആവശ്യമണ്. പൊതു വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികളാണ് വിദ്യാലയങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ഉയര്‍ച്ചയ്ക്ക് അടിസ്ഥാനമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഹരിത കേരള മിഷനുമായി കൈകോര്‍ത്ത് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
പദ്ധതിയിലൂടെ 2400 പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റീല്‍ തെര്‍മല്‍ ഫ്‌ളാസ്‌കും ചോറ്റുപാത്രവും വിതരണം ചെയ്തത്. 2018 -19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട്, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തുകളിലെ 18 സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കാണ് 13 ലക്ഷം രൂപ ചെലവഴിച്ച് സൗജന്യമായി സ്റ്റീല്‍ തെര്‍മല്‍ ഫ്‌ളാക്‌സും ചോറ്റുപാത്രവും നല്‍കിയത്. അതോടൊപ്പം സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്തു. വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളിലെ ഫിഷറീസ് വകുപ്പ് അംഗീകരിച്ച 180 വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. വെളിയങ്കോട് ജി.എഫ്.എല്‍.പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പിലാക്കുന്ന അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയും സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു .
ഗവ. ജി.എഫ്.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി. ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. രാജു എ.ഡി.സി ഷൈന്‍ പി.എച്ച് , സുബൈദ, ജെസി, ടി. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments