പൈപ്പ് പൊട്ടല് പരിഹരിക്കണം; താലൂക്ക് വികസന സമിതി
കോഴഞ്ചേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില് കുടിവെളള പൈപ്പ് ലൈന് പൊട്ടി കുടിവെളളം നഷ്ടമാകുന്നുവെന്നും അധികൃതര് അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നിര്ദ്ദേശിച്ചു. അതിഥി തൊഴിലാളികളെ താമസിപ്പിക്കുമ്പോള് വീട്ടുടമസ്ഥരുടെ കൈയ്യില് ഇവരെകുറിച്ചുളള വ്യക്തമായ രേഖകള് ഉണ്ടാകണം.
ഇത് ബന്ധപ്പെട്ട അധികാരികള് എല്ലാ മാസവും പരിശോധന നടത്തണം. തെരുവുനായ ശല്യം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. കന്നുകാലിചന്ത പുന:സ്ഥാപിക്കണമെന്നും യോഗം നിര്ദ്ദേശിച്ചു. പത്തനംതിട്ട ടൗണില് അബാന് ജംഗ്ഷന് സമീപം നോ പാര്ക്കിംഗ് എന്നെഴുതിയിട്ടും ബസുകള് നിര്ത്തി ആള്ക്കാരെ കയറ്റിയിറക്കുന്നത് ടൗണില് ഗതാഗത കരുക്കിന് കാരണമാകുന്നതായും യോഗം വിലയിരുത്തി.
റോഡ് സൈഡിലെ ഓടകള് നികത്തി സ്വകാര്യ വ്യക്തികള് കൃഷി ചെയ്യുന്നത് ഒഴിവാക്കി ഓടകള് വൃത്തിയാക്കണമെന്നും യോഗം നിര്ദ്ദേശിച്ചു. പത്തനംതിട്ട മുനിസിപ്പല് കോണ്ഫറന്സ് ഹാളില് ഓമല്ലൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് കോണ്ഗ്രസ് (എസ്) പ്രതിനിധി മാത്യൂ ജി. ഡാനിയേല്, കേരള കോണ്ഗ്രസ്(എം)പ്രതിനിധി മാത്യു മരോട്ടിമൂട്ടില്, ഐയുഎംഎല് പ്രതിനിധി എന്.ബിസ്മില്ലാഖാന്, ജനതാദള് (എസ്) പ്രതിനിധി സുമേഷ് ഐശ്വര്യ, ആര്എസ്പി പ്രതിനിധി ജോണ്സ് യോഹന്നാന്, കേരള കോണ്ഗ്രസ് (ബി) പ്രതിനിധി ജോണ് പോള് മാത്യു, തഹസില്ദാര് ജി. മോഹനകുമാരന്നായര്, ഡെപ്യൂട്ടി തഹസില്ദാര് ആര്.സിന്ധു, വിവിധ വകപ്പുകളിലെ ഉദ്യോഗസ്ഥര്, വിവിധ രാഷ്ട്രീയ പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.
- Log in to post comments