ദുരിതക്കാഴ്ചകൾ നേരിൽ കണ്ട് കേന്ദ്രസംഘം: ഉദ്യോഗസ്ഥതല സംഘവും എത്തുമെന്ന് കേന്ദ്രമന്ത്രി
ആലപ്പുഴ: മഴക്കെടുതിയിലെ ദുരിതക്കാഴ്ചകൾ നേരിട്ടുകണ്ട് വിലയിരുത്താൻ കേന്ദ്രമന്ത്രിമാരടങ്ങടിയ സംഘം ആലപ്പുഴയിലെത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു, കേന്ദ്ര സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയത്. പൊതുമരാമത്ത്മന്ത്രി ജി.സുധാകരൻ, കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി., തോമസ് ചാണ്ടി എം.എൽ.എ., ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
രാവിലെ 11.15ന് കേന്ദ്രസംഘം കൊച്ചിയിൽ നിന്ന് ഹെലികോപ്ടർ വഴി ആലപ്പുഴ പൊലീസ് മൈതാനിയിലെത്തി. ഇവിടെ ലാന്റ് ചെയ്യുംമുമ്പ് സംഘം കുട്ടനാട്ടിലെ ദുരിതബാധിത മേഖലകൾ ആകാശത്ത് നിന്ന് വീക്ഷിച്ചു. ഗസ്റ്റ്ഹൗസിലെ മുന്നൊരുക്കയോഗത്തിനു പിന്നാലേ സംഘം കോമളപുരത്തെ ലൂഥറൻസ് സ്‌കൂളിലെ ദുരിതാശ്വാസകേന്ദ്രത്തിലേക്കാണ് പോയത്.
അവിടെയൊരുക്കിയ അടുക്കളയും മറ്റും നോക്കിയ കേന്ദ്രമന്ത്രിമാർ തുടർന്ന് സ്‌കൂൾ ഹാളിൽ അന്തേവാസികളുമായും ആശയവിനിമയം നടത്തി. കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ടോയെന്നും ആവശ്യത്തിനുള്ള ചികിൽസ സഹായവും ലഭിക്കുന്നുണ്ടോയെന്നും മന്ത്രിമാർ ആരാഞ്ഞു. ക്യാമ്പിലെ മൊത്തം അന്തരീക്ഷത്തിൽ സംതൃപ്തി പ്രകടിപ്പിച്ച കേന്ദ്രമന്ത്രിമാർ 15 മിനുട്ടോളം അവിടെ ചെലവഴിച്ച ശേഷമാണ് കുട്ടനാട്ടിലേക്കു പോയത്.
ജെട്ടിയിൽ നിന്ന് ബോട്ടുമാർഗം സീറോ ജെട്ടിയിലേക്കും കുപ്പപ്പുറം സ്‌കൂളിലെ ക്യാമ്പിലേക്കും പോയ സംഘത്തിന് കുട്ടനാട്ടിലെ ദുരിതക്കാഴ്ചകൾ വിവരണാതീതമായിരുന്നു.വെള്ളംകയറിയ വരമ്പിലൂടെ നടന്നാണ് മന്ത്രിമാർ ക്യാമ്പുകളിൽ എത്തിയത്. കുടിവെള്ളം കിട്ടാത്തതിന്റെയും മറ്റും പ്രശ്‌നങ്ങൾ ജനങ്ങളിൽ ചിലർ മന്ത്രിമാരെ ധരിപ്പിച്ചു. ആവശ്യത്തിനു വെള്ളം ബോട്ടുമാർഗവും മറ്റും എത്തിക്കുന്നതായി അവർ പറഞ്ഞു. കണ്ണീരോടെയാണ് ദുരിതബാധിതർ വിഷമങ്ങൾ വിശദീകരിച്ചത്. മട വീണ് കൃഷിനശിച്ച പാടശേഖരങ്ങളുടെ സ്ഥിതിയും കേന്ദ്രസംഘം വിലയിരുത്തി.
ജില്ല കളക്ടർ എസ്.സുഹാസ്, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുദ്യോഗസ്ഥരെല്ലാം ദുരിതബാധിത മേഖലയിൽ സജീവമായ ഇടപെടലാണ് നടത്തിവരുന്നത്. ഇക്കാര്യങ്ങളും കേന്ദ്രസംഘം പ്രത്യേകം നിരീക്ഷിച്ചു. നേരത്തെ ഹെലിപ്പാഡിൽ കേന്ദ്രസംഘത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
(പി.എൻ.എ. 1914/2018)
- Log in to post comments