അടൂര്‍ ജനറല്‍ ആശുപത്രിയും സ്മാര്‍ട്ട് ലിസ്റ്റിലേക്ക്
മുഖം മിനുക്കി അടൂര്‍ ജനറല്‍ ആശുപത്രിയും സ്മാര്‍ട്ട് ലിസ്റ്റിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി അടൂര്‍ ജനറല്‍ ആശുപത്രിയാണ് സ്്മാര്‍ട്ടായത്. അടൂര്‍ ആശുപത്രി നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 70 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദിവസവും ആയിരത്തിഅഞ്ഞൂറോളം പേരാണ് ചികിത്സ തേടി അടൂര്‍ ജനറല്‍ ആശുപത്രി ഒ.പിയില്‍ എത്തുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളുടെ സൗകര്യാര്‍ഥം ആധുനികവത്ക്കരിച്ച രജിസ്‌ട്രേഷന്‍, ടോക്കണ്‍ സംവിധാനം, രോഗികളുടെ സ്വകാര്യത മാനിച്ചുള്ള കണ്‍സള്‍ട്ടേഷന്‍ റൂം എന്നിവ നടപ്പാക്കി. രോഗികള്‍ക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ആശുപത്രിയിലെ അത്യാഹിത വിഭാഗം പഴയ പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ആഗസ്റ്റ് ഒന്ന് മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഫാര്‍മസി, ഇ.സി.ജി, ലാബ് , എക്‌സ്‌റേ തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനോടൊപ്പം ഹെമട്ടോളജി അനലൈസര്‍, ഹോര്‍മോണ്‍ അനലൈസര്‍ എന്നീ ഉപകരണങ്ങളും പ്രവര്‍ത്ത\ം സജ്ജമാക്കും. വേദനരഹിത പ്രസവത്തിനായുള്ള അത്യാധുനിക ചികിത്സ, ഗര്‍ഭാശയ കാന്‍സര്‍ സ്‌ക്രീനിംഗ് എന്നിവയും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാനസികാരോഗ്യവിഭാഗം ഡോക്ടറുടെ സേവനവും ലഭ്യമാണ്. ദന്തനിര്‍മാണം, ദന്തക്രമീകരണം തുടങ്ങിയവയ്ക്ക് ആധുനിക ചികിത്സയും ഇവിടെ ലഭ്യമാണ്. എല്ലാ ശനിയാഴ്ചകളിലും ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി രാവിലെ 10.30 മുതല്‍ ആരോഗ്യബോധവല്‍ക്കരണ ക്ലാസുകളുമുണ്ടാകും. ഡയാലിസിസ് യൂണിറ്റും ദന്തക്രമീകരണ ചികിത്സാവിഭാഗവും പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഉച്ചകഴിഞ്ഞ് ഒ.പിയിലും കാഷ്യാലിറ്റിയിലുമായി ഓരോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ഇ.എന്‍.ടി വിഭാഗത്തില്‍ അടുത്തമാസം കൂടുതല്‍ അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കും. ആധുനിക ഫ്രീസര്‍ സംവിധാനത്തോട് കൂടിയ മോര്‍ച്ചറി നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി മുനിസിപ്പാലിറ്റി ഒന്‍പത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
(പിഎന്‍പി 2058/18)
- Log in to post comments