ശബരിമല തീര്ഥാടനം : പത്തനംതിട്ട ഇടത്താവളത്തില് സൗകര്യങ്ങള് ഒരുക്കും
തീര്ത്ഥാടന കാലത്ത് അയ്യപ്പ ഭക്തര്ക്കായി പത്തനംതിട്ട നഗരസഭയുടെ ഇടത്താവളത്തില് എല്ലാ സൗകര്യവും ഒരുക്കാന് യോഗം തീരുമാനമായി. മണ്ഡല മകരവിളക്ക് കാലത്തെ ഒരുക്കങ്ങള് വിലയിരുത്തുന്നതിനായി പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ ടി സക്കീര് ഹുസൈന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം.
അന്നദാനത്തിനുള്ള ചുമതല അയ്യപ്പ സേവാ സമാജത്തിനു നല്കി. ഭക്തര്ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടാകും. കേരളത്തിന് പുറത്തു നിന്ന് ചെറു സംഘങ്ങളായെത്തുന്ന തീര്ഥാടകര്ക്ക് സ്വന്തം നിലയില് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാവും. തീര്ഥാടനകാലത്ത് 24 മണിക്കൂറും പോലീസ് എയിഡ് പോസ്റ്റ് പ്രവര്ത്തിക്കും. ആയുര്വേദ - ഹോമിയോ ചികിത്സയ്ക്കായി കിയോസ്കുകള് ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.
ഇടത്താവളത്തിലേക്കുള്ള ജല ലഭ്യതയ്ക്ക് തടസം ഉണ്ടാവരുതെന്ന് വാട്ടര് അതോറിട്ടിക്ക് നിര്ദേശം നല്കി. നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്ക്ക് ശുചീകരണ പ്രവര്ത്തനങ്ങള് ഉറപ്പു വരുത്താന് പ്രത്യേക ചുമതല നല്കി.
യോഗത്തില് നഗരസഭാ ഡെപ്യൂട്ടി ചെയര്പേഴ്സണ് ആമിന ഹൈദരാലി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ആര്. അജിത് കുമാര്, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ഇന്ദിര മണിയമ്മ പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, വാര്ഡ് കൗണ്സിലര് ശൈലജ, അഡ്വ. റോഷന് നായര്, നഗര സഭ സെക്രട്ടറി ഷേര്ല ബീഗം, മുനിസിപ്പല് എഞ്ചിനീയര് സുധീര്രാജ്, ഹെല്ത്ത് ഇന്സ്പെക്ടര് മുഹമ്മദ് ഫൈസല്, അയ്യപ്പ സേവാ സമാജം പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.
- Log in to post comments