Skip to main content

കയര്‍ ഭൂവസ്ത്ര സെമിനാര്‍ നടത്തി; കയര്‍ ഭൂവസ്ത്രവിതാനം നടത്തിയ പഞ്ചായത്തുകളെ ആദരിച്ചു

കയര്‍ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കയര്‍ ഭൂവസ്ത്ര സെമിനാര്‍ നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 2021 - 22 സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രവിതാനം നടത്തിയ കുറ്റൂര്‍, പെരിങ്ങര, നിരണം ഗ്രാമപഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു. തൊഴിലുറപ്പും സംയോജിത പദ്ധതികളും സാധ്യതകളും എന്ന വിഷയത്തില്‍ ജോയിന്റ് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ വിനീതയും കയര്‍ ഭൂവസ്ത്രവിതാനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കയര്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ അനൂപ് അബ്ബാസും ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് കയര്‍ ഭൂവസ്ത്ര വിതാന സാധ്യതകളെക്കുറിച്ചും സാങ്കേതികവിഷയങ്ങളെ സംബന്ധിച്ചുമുള്ള ചര്‍ച്ച നടന്നു.

 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ്  ജനപ്രതിനിധികള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കൊല്ലം കയര്‍ പ്രോജക്ട് ഓഫീസര്‍ ജി. ഷാജി, മോണിട്ടറിംഗ് ഇന്‍സ്പെക്ടര്‍  ഷാജി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

date