മലയോര ഹൈവേയിലെ ആലക്കോട്, കരുവഞ്ചാല്‍ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കും
ഹൈവേ നവീകരണത്തിന് സ്ഥലം സൗജന്യമായി വിട്ടുനല്‍കും
ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള 59.5 കിലോമീറ്റര്‍ മലയോര ഹൈവേയിലെ പ്രധാനപ്പെട്ട ആലക്കോട്, കരുവഞ്ചാല്‍ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് കെ.സി. ജോസഫ് എം.എല്‍.എ. മലയോര ഹൈവേയിലെ പ്രധാന ബൈപ്പാസായ താവുകുന്ന്-പോത്തുകുണ്ട്-നടുവില്‍ ബൈപ്പാസ് നവീകരണവുമായി ബന്ധപ്പെട്ട യോഗങ്ങളിലാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. റോഡ് നവീകരണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനല്‍കാനും തീരുമാനമായി.
ആലക്കോട്, കരുവഞ്ചാല്‍, നടുവില്‍ എന്നീ സ്ഥലങ്ങളിലാണ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ നടത്തിയത്. ഭൂവുടമകള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി-വ്യാപാരി-വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. ജില്ലാ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 205 കോടി രൂപ ചെലവില്‍ മലയോര ഹൈവേയുടെ മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നത്.
- Log in to post comments