Skip to main content

'ഭാസുര' സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും

ഗോത്രവര്‍ഗ്ഗ വനിത ഭക്ഷ്യഭദ്രത കൂട്ടായ്മ 'ഭാസുര'യുടെ രണ്ടാം വര്‍ഷ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 28) രാവിലെ 10.30ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. അട്ടപ്പാടി അഗളി പഞ്ചായത്ത് ഇ.എം.എസ്. ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാവും. വി.കെ ശ്രീകണ്ഠന്‍ എം.പി. മുഖ്യാതിഥിയാവും. ദേശീയ പുരസ്‌കാര ജേതാവും ഗായികയുമായ നഞ്ചിയമ്മയെ പരിപാടിയില്‍ ആദരിക്കും.
ഭക്ഷ്യഭദ്രത നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദിവാസി/ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പൊതുവിതരണ ശൃംഖല വഴിയുള്ള ഭക്ഷ്യധാന്യ വിതരണം സുഗമവും കാര്യക്ഷമവും ആക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗോത്രവര്‍ഗ്ഗ വനിത ഭക്ഷ്യഭദ്രത കൂട്ടായ്മയാണ് ഭാസുര. പരിപാടിയില്‍ അങ്കണവാടി അധ്യാപകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനവും നടക്കും.
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍, സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി കെ.എസ് ശ്രീജ, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ, ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍മാരായ വി. രമേശന്‍, അഡ്വ. പി. വസന്തം, അഡ്വ. സബിത ബീഗം, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി. നീതു, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date