നവീകരിച്ച നീലിമല പാത തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കി
കല്ലുപാകി നവീകരിച്ച നീലിമല പാത ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത പാതയിലെ കുത്തനെയുള്ള കയറ്റവും വലിയ പടിക്കെട്ടുകളും ഇതോടെ ഇല്ലാതെയായി. നീലിമല, അപ്പാച്ചിമേട് കയറ്റത്തിന്റെ ബുദ്ധിമുട്ടുകളും കുറയും. പാതയില്‍ കൈവരികളും അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സുകള്‍ കയറുന്നതിനു സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കല്ലുകള്‍ പാകിയിരിക്കുന്നത്. കര്‍ണാടകയിലെ സാദര്‍ഹള്ളി, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കല്ലുകള്‍ എത്തിച്ചിരിക്കുന്നത്. പമ്പയില്‍ നിന്നും ശരംകുത്തിവരെ ഏഴു മീറ്റര്‍ വീതിയുള്ള 2,770 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയിലാണ് 12.10 കോടി രൂപ ചിലവില്‍ കല്ലുകള്‍ പാകിയിരിക്കുന്നത്. ഗണപതി അമ്പലത്തിന് ചുറ്റും 2.76 കോടി രൂപ ചിലവിലും കല്ലുകള്‍ പാകിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം സെക്രട്ടറി കെ. ബിജു, ഐജി പി. വിജയന്‍, ശബരിമല എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments