Skip to main content

ളാഹ അപകടം: ജനറല്‍ ആശുപത്രി ജീവനക്കാര്‍ മാതൃകാപരമായ സേവനമാണ് നിര്‍വഹിച്ചത്- ആരോഗ്യ മന്ത്രി

ളാഹ അപകടത്തില്‍ പരുക്കേറ്റവരെ മികച്ച രീതിയില്‍ പരിചരിക്കുന്നതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ മികച്ച സേവനമാണ് നിര്‍വഹിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയില്‍ പുതിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നിര്‍മാണത്തിനായി 23.75 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒപി ബ്ലോക്ക് നിര്‍മാണത്തിന് 22.16 കോടി രൂപയുടെ പ്രവൃത്തിക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണത്തിന് മൂന്നു കോടി രൂപയും ആധുനിക നേത്രരോഗ ചികിത്സാ വിഭാഗത്തിന് ഒരു കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്ത് നാല് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന് സൗകര്യങ്ങളോടു കൂടിയ കെട്ടിടം പണിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കൂടാതെ, ആശുപത്രി സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കുന്നതിന് പെട്രോ കാര്‍ഡ് ഉപയോഗിക്കുന്നതിനും തീരുമാനമായി. കൂടാതെ, കോവിഡ് കാലത്ത് കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഓക്സിജന്‍ വാര്‍ റൂമിലേക്ക് ജനറല്‍ ആശുപത്രിയില്‍ നിന്നും നിറയ്ക്കാന്‍ കൊടുത്ത ഓക്സിജന്‍ സിലിണ്ടര്‍ അടിയന്തരമായി തിരികെ വാങ്ങാന്‍ യോഗം തീരുമാനിച്ചു. അതോടൊപ്പം ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുടെ പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുവാനും ആശുപത്രിയുടെ അല്ലാത്ത ബോര്‍ഡുകള്‍ പരിസരത്തു നിന്നും നീക്കം ചെയ്യുന്നതിനും തീരുമാനമായി. ആശുപത്രി പരിസരത്ത് പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങുന്നതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കാനും തീരുമാനമായി.

 

ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുവാന്‍ കൂട്ടായ ശ്രമം ഏവരുടെയും ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

 

യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഇന്ദിരമണിയമ്മ, എച്ച്എംസി അംഗങ്ങളായ ഷാഹുല്‍ ഹമീദ്, അഡ്വ. വര്‍ഗീസ് മുളക്കല്‍, എം.ജെ. രവി, പി.കെ. ജയപ്രകാശ്, റെനീസ് മുഹമ്മദ്, എല്‍. സുമേഷ് ബാബു, സാം, ജോസ് മോഡി, നൈസാം, റിജിന്‍, പൊന്നമ്മ ശശി, ഗവ. നോമിനി ഡോ. ഗംഗാധരപിള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എല്‍. അനിത കുമാരി, എന്‍എച്ച്എം ഡിപിഎം ഡോ. ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് എ. അനിത, മുന്‍സിപ്പല്‍ എന്‍ജിനിയര്‍ സുധീര്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date