Skip to main content

കെയർ ഹോം പദ്ധതിയിൽ സംസ്ഥാനത്ത് 2200 വീടുകൾ സൗജന്യമായി നിർമിച്ചു നൽകി - മന്ത്രി വി.എൻ വാസവൻ

കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഇതുവരെ സഹകരണ മേഖലയുടെ നേതൃത്വത്തിൽ 2200 വീടുകൾ സൗജന്യമായി നിർമിച്ചു നൽകിയിട്ടുണ്ടെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ചങ്ങരോത്ത് സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

സഹകരണ ബാങ്കുകൾ വഴി വിവിധങ്ങളായ പദ്ധതികളാണ് സർക്കാർ നടത്തി വരുന്നത്. സഹകരണ ബാങ്കിൽ അംഗത്വമുളള സഹകാരിക്ക് ഗുരുതര രോഗം ബാധിച്ചാൽ ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ അപേക്ഷ സമർപ്പിച്ചാൽ 50,000 രൂപയും വായ്പയെടുത്ത ആളാണെങ്കിൽ 1.25 ലക്ഷം രൂപയും ചികിത്സാ സഹായമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാരന് ആശ്വാസത്തിന്റെ കൈത്താങ്ങാവുകയാണ് സഹകരണ മേഖല. വരുന്ന നിയമസഭാ സമ്മേളനത്തിൽ സഹകരണ മേഖലയുടെ സമഗ്ര പുരോഗതി ഉറപ്പാക്കുന്ന സഹകരണ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി എല്ലാവർക്കും വിവരങ്ങൾ ലഭ്യമാക്കത്തക്ക രീതിയിലേക്ക് സഹകരണ ബാങ്കുകളെ മാറ്റിയതായും മന്ത്രി പറഞ്ഞു. 

 

 സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന 'അംഗ സമാശ്വാസ നിധി'യുടെ വിതരണോദ്ഘാടനം, ചങ്ങരോത്ത് സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന, ഗുരുതര രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സ സഹായ പദ്ധതി, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന അംഗങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

 

ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വി.എം ശോഭ റിപ്പോർട്ട് അവതരിപ്പിച്ചു. 

 

ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻറ് ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ടി.പി റീന, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് കെ.എം കുഞ്ഞനന്തൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.കെ ദീപേഷ് നന്ദിയും പറഞ്ഞു.

 

 

 

date