Skip to main content

ഭരണഘടനയെ പറ്റി കൂടുതൽ പഠിക്കാൻ അവസരങ്ങൾ ഉപയോഗപ്പെടുത്തണം - ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള

ഭരണഘടനയെ പറ്റി കൂടുതൽ പഠിക്കാൻ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള.

ജില്ലാ ഭരണകൂടവും ഗവൺമെന്റ് ലോ കോളജ് നിയമസഹായ വേദി ക്ലിജോയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ ദിന ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഭരണഘടനയുടെ അടിസ്ഥാനപരമായ പ്രമാണങ്ങൾ ഭാരതത്തിന്റെ സംസ്ക്കാരവും മാനവികതയും ഉൾക്കൊണ്ടതാണ്. എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ട് മുന്നോട്ടുപോകാൻ ഭരണഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. വികസിത ഭാരതത്തെ പറ്റിയുള്ള സങ്കല്പങ്ങൾ ഉൾക്കൊണ്ട് ഭരണഘടനയുടെ അന്തസത്തയെ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും ഗവർണർ പറഞ്ഞു. 

 

പൊതുപ്രവർത്തനത്തിന്റെ അടിവേര് ജനങ്ങളോടുള്ള പ്രതിബദ്ധതയാണ്. മനുഷ്യ ബന്ധങ്ങൾക്ക് സേവനം നൽകാനുള്ള ചുമതലയുടെ ഉദ്ഘോഷമാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പൊരുൾ. അടിച്ചമർത്തപ്പെട്ടവർ, പിന്നോക്കം തള്ളപ്പെട്ടുപോയവർ തുടങ്ങി വികസനത്തിനു വേണ്ടി കാത്തിരിക്കുന്ന ജനങ്ങളെ കൈപിടിച്ചുയർത്താനാകണമെന്നും ഗവർണർ പറഞ്ഞു.

 

വിശ്വാസങ്ങൾ വൈവിധ്യമുള്ളതാണ്. അവ തുല്യ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടണം. വ്യത്യസ്തമായ ആശയം വച്ചുപുലർത്തുന്ന ആളുകളെ ഉൾക്കൊള്ളാൻ സാധിക്കണം . സ്തുതി പാഠകരല്ല വിമർശകരാണ് വഴികാട്ടികൾ. എല്ലാറ്റിനെയും സഹനശക്തിയോടെ ഉൾക്കൊണ്ട് വിശ്വമാനവികതയ്ക്ക് വേണ്ടി നിലനിൽക്കാൻ സാധിക്കണമെന്നും ഗവർണർ പറഞ്ഞു.

 

കലക്ടറേറ്റിലെ പ്ലാനിങ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി അധ്യക്ഷനായിരുന്നു. ഭരണഘടന ഓരോ പൗരനും നൽകുന്ന അവകാശങ്ങൾ മനസ്സിലാക്കണമെന്നും ഭരണഘടനാ ദിനത്തിൽ എന്നപോലെ ഓരോ ദിവസവും ഭരണഘടനയെപറ്റി ഓർക്കണമെന്നും കലക്‌ടർ പറഞ്ഞു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കു കൂടി ജനാധിപത്യത്തെ കുറിച്ചുള്ള അറിവുകൾ എത്തിക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണമെന്നും കലക്‌ടർ പറഞ്ഞു.

 

ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. 

 

ചടങ്ങിൽ ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽ ഡോ.എൻ കൃഷ്ണകുമാർ, അസിസ്റ്റന്റ് പ്രൊഫസറും ക്ലിജോ നിയമ സഹായ വേദി കോർഡിനേറ്ററുമായ അഞ്ജലി പി നായർ, കോളേജ് യൂണിയൻ ചെയർമാൻ എ. മുഹമ്മദ് ഷഫീക്ക് , ലോ കോളേജിലെ വിദ്യാർത്ഥികൾ ,ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ,അധ്യാപകർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സബ് കലക്ടർ വി ചെത്സാസിനി സ്വാഗതവും എഡിഎം സി.മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

 

ജില്ലയിലെ സ്കൂൾ,കോളേജ് തലങ്ങളിലായി 10 ആഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയി‍നാണ് സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾക്കായി മോക് പാർലമെന്റ് ,സ്കൂൾ വിദ്യാർഥികൾക്കായി മോക് ലെജിസ്ലേറ്റീവ് അസംബ്ലി, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് എന്നിവ നടക്കും. ഭരണഘടനയുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികൾക്കായി പ്രോജക്ട് വർക്കുകളും ഫീൽഡ് വർക്കുകളും സംഘടിപ്പിക്കും. എസ് സി, എസ് ടി മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ കോളേജ് വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങൾ നടത്താനുള്ള അവസരങ്ങളും ഒരുക്കും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിളുമായി ബന്ധപ്പെട്ട് ഷോർട്ട് വീഡിയോ, മൗലികാവകാശങ്ങളും കടമകളും എന്ന വിഷയത്തിൽ നാടകങ്ങൾ, തെരുവ് നാടകങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പയി‍ന്റെ ഭാഗമായി ഗവൺമെന്റ് ലോ കോളജ് നിയമസഹായ വേദി ക്ലിജോ കോഴിക്കോട് ആകാശവാണിയുമായി ചേർന്ന് 2023 നവംബർ 26 വരെ എല്ലാ വ്യാഴാഴ്ച്ചയും ഭരണഘടനാ സംബന്ധമായ പരിപാടികൾ നടത്തിവരുന്നുണ്ട്.

 

 

 

 

 

 

 

 

 

date