തീവ്രയജ്ഞ പരിപാടിയിലൂടെ ഈ വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തീകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തീവ്രയജ്ഞ പരിപാടിയിലൂടെ ഈ വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
പദ്ധതി വിനിയോഗത്തില്‍ ജില്ല പിന്നിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സമ്പൂര്‍ണ ശുചിത്വ പദ്ധതി വിജയിപ്പിക്കുന്നതില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും സജീവമായി ഇടപെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പുളിക്കീഴ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടം നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ പദ്ധതി പരിഷ്‌കരണം നടത്താന്‍ കഴിയാതിരുന്ന ഏഴു തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എട്ട് തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതികളാണ് ജില്ലാ ആസൂത്രണ സമിതി പ്രധാനമായും ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. ജില്ലാ പഞ്ചായത്തിന്റെയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും നിരണം, കടപ്ര, കുറ്റൂര്‍, നെടുമ്പ്രം, പെരിങ്ങര, നാരങ്ങാനം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments