Skip to main content

ലോക ഭിന്നശേഷി ദിനം

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളുമായി സമഗ്ര ശിക്ഷാ കോഴിക്കോട്. സ്കൂൾ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് എസ്.എസ്.കെ. ആവിഷ്‌ക്കരിക്കുന്നത്. ജില്ലയിലെ മുഴുവൻ സ്കൂളുകളിലും നടത്തുന്ന പ്രത്യേക അസംബ്ലിയോടെയാണ് പരിപാടിയുടെ തുടക്കം. ഭിന്നശേഷിക്കാരുടെ ജീവിതം, അവകാശങ്ങൾ, നിയമങ്ങൾ എന്നിവയിലൂന്നിയാണ് സ്പെഷ്യൽ അസംബ്ലി നടത്തുക.

 

സാമൂഹ്യ ബോധവത്കരണത്തിനായി സംഘടിപ്പിക്കുന്ന “ബിഗ് ക്യാൻവാസ്" ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് 12 മണിക്ക് മാനാഞ്ചിറ പരിസരത്ത് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

 

“നവസാങ്കേതിക വിദ്യയിലൂടെ തുല്ല്യതയുടെ ലോകത്തിലേക്ക്' എന്ന ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ടാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. രക്ഷിതാക്കൾ, അധ്യാപകർ, പൊതുസമൂഹം എന്നിവരെയെല്ലാം ഭിന്നശേഷി ജീവിതവുമായി കോർത്തിണക്കാനുള്ള ബോധവത്കരണ പരിപാടികൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്.

 

സ്കൂൾതലത്തിൽ പോസ്റ്റർ നിർമ്മാണം, ബിഗ് ക്യാൻവാസ്, ഫിലിം ഫെസ്റ്റിവൽ, കുട്ടികളെയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സഹവാസക്യാമ്പ്, ഉല്ലാസയാത്രകൾ, കലാപരിപാടികൾ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലാതലത്തിൽ ഭിന്നശേഷി കുട്ടികളുടെ നാടകവും ഓർക്കസ്ട്രയും ഉണ്ടാകും. ചലച്ചിത്ര താരങ്ങളും ഗായകരും കുട്ടികളോടൊപ്പം പങ്കെടുക്കും.

 

ഡിസംബർ ഏഴിന് വടകര ടൗൺ ഹാളിലാണ് കലാപരിപാടികളും ഓർക്കസ്ട്രയും നടക്കുക. ഈ പരിപാടിയിൽ ചലച്ചിത്ര താരം വിനയ് ഫോർട്ട് മുഖ്യാതിഥിയാവും. ഡിസംബർ ആറിന് വൈകീട്ട് ചേവായൂരിലെ കോമ്പസിറ്റ് റീജ്യണൽ സെന്ററിൽ വാനനിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സഹവാസക്യാമ്പ്, ഫിലിം ഫെസ്റ്റിവൽ, കാഴ്ചപരിമിതർക്കുള്ള നീന്തൽ പരിശീലനം എന്നിവ ക്രിസ്തുമസ് അവധിക്കാലത്ത് ബി.ആർ.സികൾ കേന്ദ്രീകരിച്ചു കൊണ്ടാണ് നടത്തുക. തൊഴിൽ നൈപുണി പരിശീലന പരിപാടിയായ 'എസ്റ്റീം' കൊളത്തറ വികലാംഗ വിദ്യാലയത്തിൽ നടന്നുവരികയാണ്.

 

ഭിന്നശേഷി കുട്ടികൾക്ക് കണ്ണട, ശ്രവണസഹായി, ചലന പരിമിതിയുള്ളവർക്കുള്ള ഓർത്തോട്ടിക് ഉപകരണങ്ങൾ എന്നിവ നൽകുന്നതിനായി 1,36,00,000 രൂപ മാറ്റിവെച്ചതായും ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം അറിയിച്ചു.

 

 

 

date