Skip to main content
ഫോട്ടോ: വട്ടേനാട് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ഹിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്: മന്ത്രി എം.ബി രാജേഷ്

 

 

വട്ടേനാട് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു

വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചിലവഴിച്ച് നിര്‍മ്മിച്ച വട്ടേനാട് ജി.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. മുടങ്ങിക്കിടന്ന വട്ടേനാട് സ്‌കൂളിന്റെ നിര്‍മാണം കൃത്യമായ നിര്‍ദേശത്തിന്റെയും സമയക്രമത്തിന്റെയും അടിസ്ഥാനത്തില്‍ നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കാനായത് അഭിമാനാര്‍ഹമാണ്. എട്ട് ക്ലാസ് മുറികളുള്ള കെട്ടിടമാണ് പൂര്‍ത്തിയായിരിക്കുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നിര്‍മാണം പൂര്‍ത്തിയാക്കാനുമുള്ള ഇടപെടലുകളാണ് നടന്നുവരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ വട്ടേനാട് സ്‌കൂള്‍ കെട്ടിടത്തിനാവശ്യമായ ഫര്‍ണിച്ചറുകള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്‌കൂളുകളിലും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകും. തൃത്താല മണ്ഡലത്തിലെ തെരഞ്ഞെടുക്കുന്ന 50 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ജനയകീയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കോളര്‍ഷിപ്പിലൂടെ പ്രതിമാസം 1000 രൂപ വീതം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കും. കിഫ്ബിയില്‍ നിന്ന് മൂന്ന് കോടി ചിലവില്‍ നിര്‍മ്മിക്കുന്ന വിവിധ സ്‌കൂളുകളുടെ നിര്‍മ്മാണം രണ്ടുമാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 120 കോടി വിലയിരുത്തിയുള്ള തൃത്താലയുടെ സ്വപ്‌ന പദ്ധതിയായ കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി ഒരു മാസത്തിനകം നിര്‍മാണോദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു. നിര്‍മാണം ആരംഭിച്ച് മൂന്നോ നാലോ വര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തോട്ടക്കല്ലിനെയും തൃത്താലയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും കോഴിക്കോട് നിന്നുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്നതുമായ പദ്ധതിയാണ് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി. ഇത് കൂടാതെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 35 കോടി ചിലവിലുള്ള കൂട്ടക്കടവ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഉടന്‍ നിര്‍വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ അധ്യക്ഷനായി. പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ള, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.വി പ്രിയ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ പി.വി ഷാജഹാന്‍, പട്ടത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. സിനി, പി.സി ഗിരിജ, പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.പി ശശിധരന്‍, എസ്.എസ്.കെ ഡി.പി.സി സുരേഷ്‌കുമാര്‍, പാലക്കാട് ഡി.ഇ.ഒ കെ.വി രാജു, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ്, തൃത്താല എ.ഇ.ഒ പി.വി സിദ്ദിഖ്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.കെ മൂസ, ഡയറ്റ് ജില്ലാ അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ടി.പി രാജഗോപാല്‍, തൃത്താല ബി.ആര്‍.സി ബി.പി.സി വി.പി ശ്രീജിത്ത്, സ്‌കൂള്‍ പ്രധാനാധ്യാപിക എം.എം പ്രീത, സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ എം.വി രാജന്‍, എന്നിവര്‍ സംസാരിച്ചു.
 

date