Skip to main content

ഇൻഫർമേഷൻ ഓഫീസ് കെട്ടിടത്തിന്  കൂടുതൽ തുക അനുവദിക്കും: മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: നൂറുപേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, മീഡിയ റൂം, ഓഫീസ് സൗകര്യങ്ങൾ എന്നിവ സഹിതം ജില്ല ഇൻഫർമേഷൻ ഓഫീസ് മികച്ച രീതിയിൽ  നിർമ്മിക്കുന്നതിനുള്ള അധിക തുക വകുപ്പുതലത്തിലോ  തന്റെ എം.എൽ.എ. ഫണ്ടിൽ നിന്നോ  കണ്ടെത്തി നൽകുമെന്ന് പൊതുമരാമത്ത്മന്ത്രി ജി. സുധാകരൻ പറഞ്ഞു.  സിവിൽ സ്റ്റേഷനിൽ  ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.  സ്ഥലലഭ്യത ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാൽ നീണ്ടുപോയ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമാകുന്നതെന്ന്  മന്ത്രി പറഞ്ഞു. 

സ്ഥലപരിമിതി ഉണ്ടെങ്കിൽ മൂന്നു നിലയായി കെട്ടിടം പണിയാൻ സാധിക്കും. പുതിയ വിശദമായ പദ്ധതിരേഖ തയ്യാറാക്കി മൂന്നു ദിവസത്തിനകം  സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. പ്രധാനപ്പെട്ട പത്രസമ്മേളനങ്ങൾ, മാധ്യമപ്രവർത്തകർക്ക്  ഇരിക്കാനും പ്രവർത്തിക്കാനുമുള്ള ഇടം എന്നിവ കൂടി ഡി.പി.ആറിൽ  ഉൾപ്പെടുത്തേണ്ടതുണ്ട്. 109 ചതുരശ്ര മീറ്ററിൽ നിന്ന്  300 ചതുരശ്ര മീറ്റർ എങ്കിലും വിസ്തീർണം വർധിപ്പിക്കേണ്ടിവരും.  കളക്ടറേറ്റിന് ഉള്ളിലുള്ള പരിസരങ്ങളും മികച്ച രീതിയിലേക്ക് മാറണം. കളക്ട്രേറ്റിനുള്ളിലെ റോഡുകളുടെ അറ്റകുറ്റപ്പണി  രണ്ടോ മൂന്നോ മാസത്തിനകം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന്  നിർദ്ദേശം നൽകി. കളക്ട്രേറ്റ് മികച്ച സംവിധാനത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. 

വികസന പ്രവർത്തനങ്ങളിൽ വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന വകുപ്പാണ് ഇൻഫർമേഷൻ വകുപ്പെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആർ.രാജേഷ് എം.എൽ.എ പറഞ്ഞു. കെട്ടിടങ്ങളുടെ രൂപഭംഗിക്കുകൂടി പ്രാധാന്യം നൽകുന്ന വിധത്തിലേക്ക് പൊതുമരാമത്ത് വകുപ്പ് മാറേണ്ടതുണ്ടെന്ന് എ.എം.ആരിഫ് എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ല കളക്ടർ എസ്.സുഹാസ്,   നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, കല്ലേലി രാഘവൻപിള്ള, നഗരസഭാംഗം എ.എം.നൗഫൽ, പബ്ലിക് റിലേഷൻസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അബ്ദുൾ റഷീദ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി.എസ്.ഉമേഷ്, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ വി.വി. അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.  

ചടങ്ങിൽ ആലപ്പുഴ യു.ഐ.ടി. സെൻററിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സർക്കാരിൻറെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയ 50000 രൂപയുടെ ചെക്ക് മന്ത്രി ജില്ല കളക്ടർ എസ് സുഹാസിന് കൈമാറി. 

 

(പി.എൻ.എ.2075/2018)

date