Skip to main content

പ്രായോഗിക പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി പദ്ധതി നിര്‍വഹണം  പൂര്‍ത്തിയാക്കണം: മന്ത്രി കെ.ടി. ജലീല്‍

കാക്കനാട്: പ്രായോഗികവത്കരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് തദ്ദേശസ്ഥാപന വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന 13-ാം പഞ്ചവത്സര പദ്ധതിക്കു കീഴില്‍ 2017-18 വാര്‍ഷിക പദ്ധതി പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി പുതിയ ദിശയിലേക്ക് പദ്ധതി തയാറാക്കലും നിര്‍വഹണവും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മെയ് അവസാനത്തോടെ ഈ വര്‍ഷത്തെ പദ്ധതികള്‍ സമര്‍പ്പിച്ച് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ജൂണ്‍ 15 വരെ സമയം ദീര്‍ഘിപ്പിച്ചതോടെ സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളും ഈ പ്രക്രിയ പൂര്‍ത്തിയാക്കി. 20 വര്‍ഷത്തില്‍ നിന്നു വേറിട്ട ചരിത്ര നേട്ടമായി ഇതു മാറി. ഇതിനായി, സാമ്പത്തികവര്‍ഷത്തിലെ ഓരോ പാദത്തിലും എത്ര ശതമാനം പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

ഡിസംബര്‍ അവസാനത്തോടെ 70% എക്‌സ്‌പെന്‍ഡിച്ചറിലെത്തണമെന്ന് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ 15% അധികം എക്‌സ്‌പെന്‍ഡിച്ചര്‍ അനുവദിക്കില്ല. എല്ലാം കൂടി മാര്‍ച്ചില്‍ അവസാനിപ്പിക്കുന്ന പതിവ് ഇനിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചറില്‍ 27.78% ആണ് സംസ്ഥാന ശരാശരി. പദ്ധതി ചെലവുമായി ബന്ധപ്പെട്ട്  11-ാം സ്ഥാനത്താണ് എറണാകുളം ജില്ല. നഗരസഭകളില്‍ 31.59% വും ബ്ലോക്ക് പഞ്ചായത്തുകളില്‍ 29.94% വും ഗ്രാമപഞ്ചായത്തുകളില്‍ 28.10% വും ആണ് പദ്ധതി ചെലവ്. ജില്ല പഞ്ചായത്തിന്റെ പദ്ധതി ചെലവ് 13.10% ആണ്. 24.37% ആണ് കോര്‍പ്പറേഷന്റെ പദ്ധതി ചെലവ്. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ കുറവ് നികത്താനും സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുണ്ട്. 175 സെക്രട്ടറിമാരുടെ കുറവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 25 സെക്രട്ടറിമാരുടെ കുറവ് മാത്രമാണുള്ളത്. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം എന്‍ജിനീയറിഗ് വിഭാഗത്തില്‍ പ്രൊമോഷന്‍ നല്‍കി. കൂടാതെ ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ തനത് ഫണ്ടില്‍ നിന്നു വേതനം നല്‍കി താത്കാലിക ജീവനക്കാരെ നിയമിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ജീവനക്കാരെ നിയമിക്കാം. മൂന്നു മാസക്കാലയളവ് ഇതിന് ബാധകമാക്കേണ്ടതില്ല. ലൈഫ് പദ്ധതിയില്‍ ഒരു റേഷന്‍ കാര്‍ഡിന് ഒരു വീട് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അല്ലാതെ വാര്‍ഡ് അടിസ്ഥാനത്തില്‍ വീടുകള്‍ വീതം വെക്കാനല്ല പദ്ധതി നടപ്പാക്കുന്നത്. വീടിന്റെ അവസ്ഥ പരിഗണിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള തുക തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിക്കേണ്ടത്. 

തദ്ദേശ സ്ഥാപന വകുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ വരുന്ന ഭേദഗതികളും പുതിയ സംവിധാനങ്ങളും വകുപ്പിലെ ഉദ്യോഗസ്ഥര്‍ യഥാസമയം അറിഞ്ഞിരിക്കണം. പൊതുജനങ്ങള്‍ ഉദ്യോഗസ്ഥരെ പഠിപ്പിക്കുന്ന അവസ്ഥയുണ്ടാകരുത്. പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് സജീവ പ്രവര്‍ത്തനമുണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. നഗരസഭ തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഓരോ ഗ്യാസ് ക്രിമറ്റോറിയം, അറവുശാല, പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് എന്നിവ നിര്‍മ്മിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം. കൂടാതെ നികുതി പിരിവ് ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പദ്ധതി ചെലവില്‍ ജില്ലയില്‍ ഏറ്റവും മുന്നിലും പിന്നിലുമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം യോഗത്തില്‍ അവലോകനം ചെയ്തു. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും എങ്ങനെയാണ് ചില തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനായതെന്ന് സമഗ്രമായി പരിശോധിക്കണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതാണ് പിന്നിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്ഥാപന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് പറഞ്ഞു. 

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, തദ്ദേശ സ്ഥാപന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, പിറവം നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ്, കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date